വൈക്കം–വെച്ചൂർ റോഡ് വികസനത്തിന് കിഫ്ബിയുടെ അംഗീകാരം

വൈക്കം: വൈക്കം--വെച്ചൂർ റോഡിന് ശാപമോക്ഷമാകുന്നു. റോഡ് നവീകരണത്തിന് കിഫ്ബിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. റോഡ് വീതികൂട്ടി ആധുനികരീതിയിൽ പുനർനിർമിക്കുന്ന 93.73 കോടിയുടെ പദ്ധതിക്ക് ബുധനാഴ്ച തിരുവനന്തപുരത്തുചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗമാണ് അംഗീകാരം നൽകിയത്. 2016ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണിത്. അഞ്ചുമന പാലം പുനർനിർമാണം ഉൾപ്പെടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 162 കോടിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കി സമർപ്പിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് വേണ്ടിവരുന്ന തുകയാണ് ഇതിലേറെയും. 15 മീറ്റർ വീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നതിന് ആവശ്യമായ ഡി.പി.ആർ സമർപ്പിച്ചതിനെ തുടർന്ന് കിഫ്ബി സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ഒരു മാസം മുമ്പ് സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഡി.പി.ആറിനുമേലുള്ള റിപ്പോർട്ട് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. തുടർന്ന് 15 മീറ്റർ എന്നത് 14 മീറ്റർ വീതിയാക്കി മാറ്റിയാണ് അംഗീകാരം നൽകിയത്. നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം-വെച്ചൂർ റോഡ് വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാൽനടപോലും ദുഷ്കരമായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചാലുടൻ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ആരംഭിക്കും. സ്ഥലം ഏറ്റെടുത്തശേഷം ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമാണം തുടങ്ങും. തുടർനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിക്കുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.