കോട്ടയം: വിവിധ ജില്ലകളിൽ നൂറിലേറെ മോഷണങ്ങൾ നടത്തി ഒന്നരക്കോടിയിലേറെ കവർന്ന കുപ്രസിദ്ധ മോഷ്‌ടാവ് എസ്.ഐ കാമാക്ഷി എന്നറിയപ്പെടുന്ന ഇടുക്കി തങ്കമണി സ്വദേശി ബിജു (41) അറസ്റ്റിൽ. മോഷണമുതൽ ഉപയോഗിച്ച് ഒമ്പത് കാറുകൾ ഇയാൾ സ്വന്തം പേരിൽ വാങ്ങിയെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞമാസം ചുങ്കത്ത് അളില്ലാത്ത വീട്ടിൽ മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിരലടയാളമാണ് ബിജുവിലേക്ക് പൊലീസ് അന്വേഷണം എത്തിച്ചത്. വിവിധ ജില്ലകളിലെ പൊലീസ് സംഘം തിരയുന്ന ബിജുവിനെ കണ്ടെത്താൻ ഡിവൈ.എസ്.പി സഖറിയ മാത്യുവിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ സേലത്തുണ്ടെന്ന് ഉറപ്പിച്ചത്. തുടർന്ന് തമിഴ്നാട് പൊലീസ് സഹായത്തോടെ സേലം അത്തൂരിനടുത്ത് ഇടയപ്പട്ടി കരുമാന്തുറയിൽനിന്ന് പിടികൂടുകയായിരുന്നു. കേരളത്തിൽ മോഷണം നടത്തിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ച് പണത്തിന് ആവശ്യം വരുമ്പോൾ വീണ്ടും മടങ്ങിയെത്തി മോഷണം നടത്തുന്നതാണ് പതിവ്. മോഷ്ടിച്ചശേഷം വിൽക്കാനായി കരുതിയിരുന്ന സ്വർണഉരുപ്പടികളും കണ്ടെടുത്തു. മോഷണം,- അടിപിടിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടശേഷം പുറത്തിറങ്ങി നാലുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ഇടിച്ചിട്ടശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചതിന് പാമ്പാടി പൊലീസിൽ കേസുണ്ട്. വീട് കുത്തിെപ്പാളിച്ച് കവർച്ച ഹരമാക്കിയ ബിജുവിനെതിരെ നൂറോളം മോഷണക്കേസുകളുണ്ട്. വിവിധ മോഷണക്കേസിലായി 26 വർഷം ശിക്ഷവിധിക്കുകയും 12 വർഷം ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2003 മുതൽ 2015വരെ ജയിലിൽ കഴിഞ്ഞ ഇയാൾ തുടർന്ന് നിരവധി മോഷണങ്ങൾ നടത്തിയിരുന്നു. ഏറ്റുമാനൂർ സി.ഐ എ.ജെ. തോമസ്, ഈസ്റ്റ് എസ്.ഐ റനീഷ്, ഗാന്ധിനഗർ എസ്.ഐ എം.എസ്. ഷിബു, എ.എസ്.ഐമാരായ ഷിബുക്കുട്ടൻ, അജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഐ. സജികുമാർ, ഡിവൈ.എസ്.പി ഓഫിസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അരുൺകുമാർ, പാലാ പൊലീസ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ സിനോയ് മോൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാമ്പാടി, കട്ടപ്പന, വണ്ടൻമേട്, വണ്ടിപ്പെരിയാർ, ഉപ്പുതറ, മുരിക്കാശ്ശേരി എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറൻറ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.