പ്രളയം: അതിജീവനത്തിന്​ മാർഗമില്ലാതെ കർഷകർ

കോട്ടയം: പ്രളയം തകർത്ത് തരിപ്പണമാക്കിയ സംസ്ഥാനത്തെ കാർഷിക മേഖല അതിജീവനത്തിന് മാർഗമില്ലാതെ കടുത്ത ദുരിതത്തിലേക്ക്. വിലയിടിവും കാലാവസ്ഥ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറുംമുമ്പ് ഉണ്ടായ പേമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സംസ്ഥാനത്തെ 56,000 ഹെക്ടറിലെ കൃഷിയെ ഇല്ലാതാക്കി. ഇതിൽ 25,000 ഹെക്ടറിൽ കൃഷി പൂർണമായും നശിച്ചെന്നാണ് കണക്ക്. ഇനിയും പിടിച്ചുനിൽക്കാനാവാത്ത സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കാനുള്ള നീക്കവും സജീവമാണ്. റബർ, ഏലം കൃഷി ഉപേക്ഷിക്കുന്നവരുെട എണ്ണം വർധിക്കുകയാണ്. പ്രളയം കാർഷിക മേഖലക്കുണ്ടാക്കിയ നഷ്ടം 1400 കോടി വരും. റബർ, വാഴ, കുരുമുളക്, ഏലം, ഇഞ്ചി, പച്ചക്കറി കൃഷികൾക്കാണ് ഇത്തവണ കനത്ത നാശം നേരിട്ടത്. റബർകൃഷി പത്തുലക്ഷത്തോളം ചെറുകിട കർഷകരെ ദുരിതത്തിലാക്കിയപ്പോൾ പച്ചക്കറി കൃഷി ഉപജീവനമാക്കിയിരുന്ന രണ്ട് ലക്ഷത്തോളം കർഷകരും പ്രതിസന്ധിയിലായി. 3600-4000 ഹെക്ടറിലെ ഏലം നശിച്ചെന്നാണ് കണക്ക്. മഴ ദിവസങ്ങൾ നീണ്ടതോടെ ഏലം വ്യാപകമായി അഴുകിത്തുടങ്ങിയതും കർഷകർക്ക് തിരിച്ചടിയാവുന്നു. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പച്ചക്കറി കൃഷിക്ക് വ്യാപകനാശം ഉണ്ടായത്. തൊട്ടടുത്ത് കോട്ടയവും പാലക്കാടും വയനാടും. കാർഷിക നാശം കൂടുതൽ തകർത്തത് ഇടുക്കി, ആലപ്പുഴ ജില്ലകെളയും. ഇടുക്കിയിൽ ഉരുൾപൊട്ടൽ കാർഷിക മേഖലയെ തിരിച്ചുവരാനാവാത്തവിധം തകർത്തെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുരുമുളകിനും കനത്ത നാശം നേരിട്ടു. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പാലക്കാട്ടും നെൽകൃഷി ഇല്ലാതായി. 8000 ഹെക്ടറിൽ നെൽകൃഷി നശിച്ചു. വിളവെടുപ്പിന് പാകമായ 2700 ഹെക്ടറിലെ കൃഷിയും വെള്ളത്തിൽ മുങ്ങി. തെങ്ങിനും കമുകിനും വ്യാപകനാശം നേരിട്ടു. കൃഷി നശിച്ചവർക്ക് ഇനിയും സർക്കാർ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുമ്പുണ്ടായ കൃഷിനാശത്തിനുള്ള സഹായവും കർഷകർക്ക് ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ 24 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ 45,000ത്തോളം ഹെക്ടറിലെ കർഷകർക്ക് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. എന്നാൽ, 20 ലക്ഷം കർഷകർ കേന്ദ്രത്തി​െൻറ ഫസൽ ഭീമ യോജന പദ്ധതിയിൽ അംഗങ്ങളാണ്. 12 ജില്ലകളിലായി 1400 കോടിയുടെ കാർഷിക നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും പെെട്ടന്നുള്ള തിരിച്ചുവരവിന് കഴിയാത്ത സാഹചര്യമാണ് കാർഷികേമഖലയിലെന്നാണ് സർക്കാർ തയാറാക്കിയ റിപ്പോർട്ടിലുമുള്ളത്. റവന്യൂ, കൃഷി വകുപ്പുകൾ ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്. ഇതി​െൻറ വിശദാംശം നിയമസഭയിൽ അവതരിപ്പിക്കും. -സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.