പത്തനംതിട്ടയിലെ ശുചീകരണം അന്തിമഘട്ടത്തിലേക്ക്​

പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ശുചീകരണം അന്തിമഘട്ടത്തിലേക്ക്. സ്കൂളുകൾ ബുധനാഴ്ച തുറന്നെങ്കിലും 25 ശതമാനം കുട്ടികൾ മാത്രമാണ് എത്തിയത്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന 10 സ്കൂളുകൾ ബുധനാഴ്ച തുറന്നില്ല. ജില്ലയിലെ മൂന്ന് താലൂക്കുകളിലെ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 1363 പേര്‍ കഴിയുന്നു. തിരുവല്ലയിൽ 13 ക്യാമ്പുകളും റാന്നിയിൽ ഒരു ക്യാമ്പും കോഴഞ്ചേരിയിൽ എട്ട് ക്യാമ്പുകളും തുടരുന്നു. മഹാശുചീകരണ യജ്ഞത്തി​െൻറ രണ്ടാംദിനമായ ബുധനാഴ്ച ജില്ലയിൽ നിരണം, നെടുംപ്രം, മല്ലപ്പുഴശ്ശേരി, ചെറുകോൽ, പന്തളം തെക്കേക്കര, റാന്നി, നാറാണംമൂഴി എന്നിവിടങ്ങളിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ ശുചീകരണത്തിനിറങ്ങി. നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളും ശുചീകരണ ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലാകെ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. വീടുകളുടെ ശുചീകരണം പൂർത്തിയായതിനാൽ റോഡുകളിലും പൊതുസ്ഥാപനങ്ങളിലും അടിഞ്ഞ എക്കലും ചളിയും നീക്കലാണ് നടക്കുന്നത്. സർക്കാർ ഒാഫിസുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ മാലിന്യം വാരി തീയിട്ടും ചളി കോരിമാറ്റിയുമാണ് ശുചീകരണം നടത്തുന്നത്. കിണറുകളുടെ ശുചീകരണമാണ് ഇവിടങ്ങളിലെ താമസക്കാരെ കുഴക്കുന്നത്. ഇതു കണ്ടറിഞ്ഞ് മോേട്ടാറുകളുമായാണ് സന്നദ്ധ പ്രവർത്തകർ എത്തുന്നത്. പ്രളയത്തിൽ മുങ്ങിയ വാഹനങ്ങൾ, പമ്പ്സെറ്റുകൾ, മറ്റ് വൈദ്യുതി ഉപകരണങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തിയെടുക്കലും ഇവിടത്തുകാർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇവ നന്നാക്കുന്നതിന് വൻ തുകയാണ് കമ്പനികളും വർക്ഷോപ് ഉടമകളും ഇൗടാക്കുന്നത്. ചോദിക്കുന്ന കൂലി നൽകിയാലും ആഴ്ചകൾ കാത്തിരുന്നാലെ ഇവ മടക്കി ലഭിക്കുകയുള്ളൂ. നൂറുകണക്കിന് വാഹനങ്ങളും ഇലക്ട്രിക്, ഇലക്ട്രോണിക് സാധന സാമഗ്രികളുമാണ് സർവിസ് സ​െൻറുകളിലും റിപ്പയർ ചെയ്യുന്നിടങ്ങളിലും എത്തിയിരിക്കുന്നത്. സർക്കാർതലത്തിൽ ശുചീകരണ യജ്ഞം വരും മുേമ്പ വീട്ടുകാർ സ്വന്തം നിലയിൽ കൂലി നൽകി തൊഴിലാളികളെെവച്ച് വീടുകൾ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന് ഒരു തൊഴിലാളിക്ക് 1000 രൂപവീതമാണ് നൽകേണ്ടി വന്നത്. തലവടി ടി.എം.ടി എൽ.പി സ്കൂൾ ശുചീകരിക്കുന്നതിന് 12 ജോലിക്കാരെ നിർത്തിയതിന് 12,000 രൂപ കൂലി നൽകേണ്ടി വന്നതായി സ്കൂളിലെ അധ്യാപകർ 'മാധ്യമ'ത്തോട് പറഞ്ഞു. കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സലര്‍മാര്‍ കൗൺസലിങ്ങും നടത്തി വരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.