കാത്തിരുന്നൊടുവിൽ കണ്ടത് ചേതനയറ്റ ശരീരം

കൊച്ചി: ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ കൂട്ടാനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വാഹനവുമായെത്തിയതായിരുന്നു പ്രൈവറ്റ് സെക്രട്ടറി ഡീക്കന്‍ സോളമന്‍ ബാബുവും സഹായി പ്രീ സെമിനാരി വിദ്യാര്‍ഥി ജിതിന്‍ ജോസും. വരേണ്ട സമയമായിട്ടും ട്രെയിൻ സ്റ്റേഷനിലെത്തിയിട്ടും കാണാതായതോടെ ഇരുവരും ഇദ്ദേഹം യാത്രചെയ്തിരുന്ന എ.സി കോച്ചിലെത്തി അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആലുവയിൽ ട്രെയിൻ എത്തിയപ്പോൾ അൽപസമയത്തിനുള്ളിൽ എത്തുമെന്ന് ഫോണിൽ അറിയിച്ചതിനെ തുടർന്ന് പലതവണ ശ്രമിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് ഡീക്കന്‍ സോളമന്‍ ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനിടെ, യാത്രചെയ്തിരുന്ന ബോഗിയിൽ വാതിലിനരികിൽ ബാഗുകൾ കണ്ടത് ആശങ്ക വർധിപ്പിച്ചു. ഇതോടെ ഇരുവരും വിവരം റെയിൽവേ പൊലീസിനെ അറിയിച്ചു. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ റെയിൽവേ പൊലീസി​െൻറ നേതൃത്വത്തിൽ വിവരങ്ങൾ തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ആശങ്ക വർധിക്കുന്ന നിമിഷങ്ങൾ. നേരം പുലർന്നതോടെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇതോടെ ഇരുവരും പൊലീസിനൊപ്പം പുല്ലേപ്പടി പാലത്തിനടുത്തെത്തിയപ്പോൾ കണ്ടത് ചേതനയറ്റ ഇടയ​െൻറ ശരീരം. തുടർന്ന് സഭാ അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു. ബറോഡയിൽ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയടക്കം മേൽനോട്ടം വഹിച്ചിരുന്ന മെത്രാപ്പോലീത്ത ആഗസ്റ്റ് ഏഴിനാണ് അങ്ങോട്ടുപോയത്. പ്രളയബാധിതർക്ക് സഭയുടെ സഹായം എത്തിക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ 22ന് രാത്രി 10.30ന് ബറോഡയില്‍നിന്ന് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ മടങ്ങിയതായിരുന്നു മെത്രാപ്പോലീത്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.