കോട്ടയം: സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി നടപടി ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ക്യാമ്പുകളിലും വെള്ളം എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് 30,000 ലിറ്റർ കുടിവെള്ളം എത്തിച്ചു. ടാങ്കർ ലോറികളിലും കുപ്പികളിലുമാണ് വെള്ളം എത്തിക്കുന്നത്. കോട്ടയത്ത് കുമരകത്ത് 10,000 ലിറ്റർ വെള്ളം എത്തിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു. കോട്ടയം നഗരപ്രേദശത്തും മണർകാട്ടും 2000 ലിറ്ററും വൈക്കം നഗരസഭയിൽ 2500 ലിറ്ററും വെള്ളം വിതരണം ചെയ്തു. കുമരകം, മണർകാട് ഭാഗങ്ങളിൽ 300 ലിറ്റർ വീതം കുപ്പിവെള്ളവും എത്തിച്ചിരുന്നു. പത്തനംതിട്ടയിൽ 5000 ലിറ്റർ വെള്ളവും പന്തളത്ത് ദുരിതാശ്വാസ ക്യാമ്പിൽ 2000 ലിറ്ററും പത്തനംതിട്ട എസ്.പി ഓഫിസിൽ 5000 ലിറ്ററും വെള്ളവും എത്തിച്ചു. പത്തനംതിട്ടയിൽ ഇരവിപേരൂർ, പൂമറ്റം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1850 ലിറ്റർ വെള്ളം എത്തിച്ചതായും വാട്ടർ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണു ദക്ഷിണ മേഖലക്ക് കീഴിൽ വരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സാധാരണ നിലയിൽ ജലവിതരണം നടക്കുന്നുണ്ട്. കോട്ടയത്തും ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടിയിലാണ് വാട്ടർ അതോറിറ്റി. വെള്ളക്കെട്ടിനെത്തുടർന്ന് ജലവിതരണം അവതാളത്തിലായ ഭാഗങ്ങളിൽ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.