തൊടുപുഴ: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ പൈനാവിനും കുളമാവിനും ഇടയിൽ റോഡ് ഇടിഞ്ഞ് ജില്ല ആസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം പേർ. ഇടുക്കി കലക്ടറേറ്റിലെ അമ്പതിലധികം ജീവനക്കാരും ഇതര സംസ്ഥാനക്കാരായ മുപ്പതിലധികം വിനോദസഞ്ചാരികളും യാത്രക്കാരുമാണ് കുടുങ്ങിയത്. ഫോൺ റേഞ്ചില്ലാത്തിനാൽ ബുധനാഴ്ച മുതൽ പുറംലോകവുമായി ബന്ധമില്ലാതെയാണിവർ കഴിയുന്നത്. ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് ആദ്യം മണ്ണിടിഞ്ഞത്. ഈസമയം വന്ന സ്വകാര്യ ബസിൽ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉൾപ്പെടെ അറുപതോളം പേരുണ്ടായിരുന്നു. ഔദ്യോഗിക വാഹനങ്ങളെത്തി ഏതാനും ചിലരെ കലക്ടറേറ്റിലേക്ക് തിരികെയെത്തിച്ചു. ഒരു മണിക്കൂറിലധികം പണിപ്പെട്ട് മണ്ണ് നീക്കി ബസും മറ്റ് വാഹനങ്ങളും യാത്ര പുനരാരംഭിച്ചു. എങ്കിലും യാത്ര തുടരാനായില്ല. തിരികെ പൈനാവിന് പോകാൻ വാഹനം തിരിച്ചെങ്കിലും പിന്നിലും മണ്ണിടിഞ്ഞിരുന്നു. യാത്ര മുടങ്ങിയവരെയും ചെറുതോണി വഴി മടങ്ങാനാവാതെ വന്നവരെയും കലക്ടറേറ്റിലേക്കും പൊലീസിെൻറ എ.ആർ ക്യാമ്പിലേക്കും എത്തിച്ചു. സ്ത്രീകളെ രാത്രി എൻജിനീയറിങ് കോളജിന് സമീപെത്ത ഹോസ്റ്റലുകളിലാണ് താമസിപ്പിച്ചത്. ചിലരെ ഇടുക്കി, ചെറുതോണി ഡാമുകൾക്ക് മുകളിലൂടെ നാരകക്കാനം വഴി കട്ടപ്പനയിലെത്തിച്ചു. കട്ടപ്പനക്കും നാരകക്കാനത്തിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുന്നുണ്ട്. കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്ന ജില്ല ആസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യമില്ല. അടിയന്തര സാഹചര്യത്തിൽ ജോലി ചെയ്യുന്നവർക്കും യാത്ര മുടങ്ങിയെത്തിയവർക്കും ഭക്ഷണം നൽകാനാവാത്ത സാഹചര്യമാണ്. ഇതേ തുടർന്ന് തൊടുപുഴ താലൂക്ക് ഓഫിസിലെ കണ്‍ട്രോൾ റൂമിൽനിന്ന് അഞ്ച് ടൺ അരിയും ആവശ്യത്തിന് പലവ്യഞ്ജനങ്ങളും 40 പാചകവാതക സിലിണ്ടറും കലക്ടറേറ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പലയിടത്തും റോഡ് തകർന്നതിനാൽ ഇവ എങ്ങനെ എത്തിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.