കോട്ടയം: സംസ്ഥാനത്ത് അവശ്യസാധന ക്ഷാമം നേരിട്ടാൽ പരിഹരിക്കാൻ നടപടിയെടുക്കാൻ സർക്കാർ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന് നിർദേശം നൽകി. വിലവർധന തടയാൻ പൊതുവിപണിയിൽ ഇടപെടാനും പൂഴ്ത്തിവെപ്പും വിലവർധനയും തടയാൻ കർശന പരിശോധന നടത്താനും നിർദേശിച്ചു. അരിയും പലവ്യഞ്ജനങ്ങളും ആവശ്യത്തിന് ലഭ്യമാക്കണം. ക്ഷാമമുണ്ടായാൽ ഒാണവിപണി മുന്നിൽകണ്ട് വാങ്ങിയ അരിയും പലവ്യഞ്ജനങ്ങളും വിതരണത്തിന് തയാറാക്കാനും നിർദേശിച്ചു. സപ്ലൈകോ ഒൗട്ട്ലറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ഉണ്ടെന്ന് സപ്ലൈകോ സർക്കാറിനെ അറിയിച്ചു. റേഷൻ മുടങ്ങാതിരിക്കാനും കൂടുതൽ സാധനങ്ങൾ സ്റ്റോക് ചെയ്യാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യതക്ക് പണം തടസ്സമാവില്ലെന്ന് ധനവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ആന്ധ്ര, കർണാടക, തമിഴ്നാട് സർക്കാറുകളുടെ സഹായവും തേടിയതായി സപ്ലൈകോ ഉന്നത വക്താവ് അറിയിച്ചു. ഇന്ധനക്ഷാമം പരിഹരിക്കാനും നടപടിയായി. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. പലയിടത്തും പാചകവാതകത്തിനും ക്ഷാമമുണ്ട്. റോഡിലെ വെള്ളക്കെട്ടാണ് ചരക്കുനീക്കത്തിന് തടസ്സം. ആവശ്യമെങ്കിൽ മറ്റ് കേന്ദ്രങ്ങളിൽനിന്ന് ഇവ എത്തിക്കും. നിലവിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പാചകവാതകത്തിന് നേരിയ ക്ഷാമം. അതേസമയം, മധ്യകേരളത്തിൽ പലയിടത്തും ശനിയാഴ്ചയും ഇന്ധനക്ഷാമം രൂക്ഷമായി. 20 ശതമാനം പമ്പുകളിൽ മാത്രമാണ് ഡീസലും െപട്രോളുമുള്ളത്. പലയിടത്തും പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ചില പമ്പുകളിൽ വെള്ളം കയറിയതും പ്രതിസന്ധി കൂട്ടി. വടക്കൻ ജില്ലകളിലും നിരവധി പമ്പുകൾ വെള്ളം കയറി അടച്ചതായി െഎ.ഒ.സി അറിയിച്ചു. കോയമ്പത്തൂർ, മധുര പ്ലാൻറുകളിൽനിന്ന് ഇന്ധനം എത്തിക്കുന്നുണ്ടെന്നും തമിഴ്നാട്ടിലെ പ്ലാൻറുകളിൽ ആവശ്യത്തിന് സ്റ്റോക് ഉണ്ടെന്നും െഎ.ഒ.സി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ മരുന്നും ഒാക്സിജനും ലഭ്യമാക്കാൻ മുൻഗണന നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.