മുണ്ടൻമുടി കൂട്ടക്കൊല: തമിഴ്​നാട്ടുകാരനടക്കം രണ്ടുപേർ പിടിയിലായതായി സൂചന

തൊടുപുഴ: ഇടുക്കി മുണ്ടൻമുടി കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അടക്കം രണ്ടുപേർ പിടിയിലായതായി സൂചന. ഞായറാഴ്ച പിടിയിലായ രണ്ടുപേരിൽ ഒരാൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തയാളെന്നാണ് വിവരം. തമിഴ്നാട് സ്വദേശിയും തൊടുപുഴ സ്വദേശിയുമാണ് കസ്റ്റഡിയിൽ. അടിമാലി സ്വദേശിയായ മൂന്നാമനെ പൊലീസ് തിരയുന്നു. ഇവരുടെ നേതൃത്വത്തിൽ കൊലപാതകം നടത്തിയതായാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ വിട്ടയച്ചതിനു പിന്നാലെയാണ് നിരീക്ഷണത്തിലായിരുന്ന ഇരുവരും പിടിയിലായതെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. െഎ.ജി വിജയ് സാക്കറേ ഇവരെ ചോദ്യം ചെയ്യുന്നു. അതേസമയം, ഇവർ പിടിയിലായതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല. എന്നാൽ, പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ജില്ല പൊലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച വിട്ടയച്ചിരുന്നു. നെടുങ്കണ്ടം സ്വദേശിയെയാണ് വിട്ടയച്ചത്. അതേസമയം, കൂട്ടക്കൊലക്കു പിന്നില്‍ സാമ്പത്തികതട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ല പൊലീസ് മേധാവി വേണുഗോപാല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തട്ടിപ്പി​െൻറ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യംചെയ്യുകയാണെന്നും എസ്പി പറഞ്ഞു. ഇടുക്കി മുണ്ടൻമുടി കൂട്ടക്കൊലക്കു പിന്നില്‍ സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുഖ്യപ്രതികളെന്ന് കരുതുന്ന രണ്ടുപേർ പിടിയിലായത്. ഇതിൽ തമിഴ്നാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയാണ് തട്ടിപ്പ് ശൃംഖലയുടെ കേന്ദ്രമെന്നും ഇവിടെ മിക്കവാറും കൃഷ്ണൻ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ സംഘം തേനി, ആണ്ടിപ്പെട്ടി എന്നിവിടങ്ങളിലെത്തി തിരച്ചിൽ നടത്തി. നിധിയും റൈസ്പുള്ളറും അടക്കം വാഗ്ദാനം െചയ്ത് കോടികളുടെ ഇടപാട് നടത്തുന്ന സംഘത്തിൽ കണ്ണിയായിരുന്നു കൃഷ്ണനെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആണ്ടിപ്പെട്ടിയിലെ വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നെന്ന സൂചനയും കസ്റ്റഡിയിലുള്ളവരിൽനിന്ന് പൊലീസിന് കിട്ടിയിരുന്നു തുടർന്നാണ് രണ്ടുപേരെ പിടികൂടിയത്. കൊല്ലപ്പെട്ട കൃഷ്ണൻ നിധിയെടുത്ത് കൊടുക്കാമെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശികളിൽനിന്ന് വൻ തുക കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.