രാജാക്കാട്: സേനാപതി വട്ടപ്പാറക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെ താമസസ്ഥലത്തിന് സമീപത്തെ ഓലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് ജീരമണ്ടൽ ധവംഗഗിരി ശങ്കർ-ലീല ദമ്പതികളുടെ മകൻ യുവരാജാണ് (എട്ട്) മരിച്ചത്. ഭാര്യയും ഭർത്താവും നാല് മക്കളും അടങ്ങുന്ന കുടുംബം ഒരാഴ്ച മുമ്പാണ് പാറത്തോട് സ്വദേശി പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിലെ പണിക്കായി വട്ടപ്പാറയിൽ എത്തിയത്. വാടകവീട്ടിൽ താമസമാക്കിയ ഇവർ കുട്ടികളെ വീട്ടിലാക്കിയ ശേഷമാണ് ജോലിക്ക് പോകാറുള്ളത്. വ്യാഴാഴ്ച രാവിലെ പതിവുപോലെ ജോലിക്ക് പോയി വൈകീട്ട് മടങ്ങിയെത്തിയപ്പോൾ മൂത്തയാളായ യുവരാജിനെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് താഴ്ഭാഗത്തെ ഏറെ ആഴമില്ലാത്ത ഓലിയിൽ കുട്ടി കിടക്കുന്നത് കണ്ടു. ഉടൻ സമീപവാസികളുടെ സഹായത്തോടെ പുറത്തെടുത്ത് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശാന്തൻപാറ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.