ഉത്തരക്കടലാസ്​ പുനർനിർണയത്തിൽ കോടികളുടെ അഴിമതി; അണ്ണാ സർവകലാശാലയിൽ 10 പ്രഫസർമാർ​െക്കതിരെ കേസ്​

കൂടുതൽ മാർക്കിന് ഒാരോ ഉത്തരക്കടലാസിനും 10,000 രൂപ കൈക്കൂലി ഇൗടാക്കിയതും കണ്ടെത്തി ചെന്നൈ: അണ്ണാ സർവകലാശാലക്കുകീഴിലെ എൻജിനീയറിങ് കോളജുകളിൽ നടന്ന സെമസ്റ്റർ പരീക്ഷകളിലെ ഉത്തരക്കടലാസ് പുനർനിർണയത്തിൽ (റീവാല്വേഷൻ) ക്രമക്കേടും അഴിമതിയും കണ്ടെത്തി. സംസ്ഥാന അഴിമതിവിരുദ്ധ വിജിലൻസ് ഡയറക്ടറേറ്റ് (ഡി.വി.എ.സി) നടത്തിയ അന്വേഷണത്തിലാണ് മാർക്ക് കുംഭകോണം പുറത്തായത്. പുനർനിർണയ മാഫിയ വിദ്യാർഥികളിൽനിന്ന് കോടികളുടെ കൈക്കൂലി ഇൗടാക്കിയതായാണ് സംശയിക്കുന്നത്. മുൻ പരീക്ഷ കൺട്രോളർ ജി.വി. ഉമ, ഡിണ്ടിവനം യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ് ഡീൻ പ്രഫ. പി. വിജയകുമാർ, ഇതേ കോളജിലെ മാത്സ് അസി. പ്രഫസർ ആർ.ശിവകുമാർ എന്നിവരാണ് വിദ്യാർഥികളിൽനിന്ന് ൈകക്കൂലി വാങ്ങി വ്യാജ ഉത്തരക്കടലാസുകൾ സൃഷ്ടിച്ചത്. ഇവർക്ക് സഹായികളായ പരീക്ഷ നടത്തിപ്പുകാർ ആർ.സുന്ദരരാജൻ, എം. മഹേഷ്ബാബു, എൻ. അൻപുെശൽവൻ, സി.എൻ.പ്രതിഭ, െഎ. പ്രഗതീഷ്വർ, എം.രമേഷ്കണ്ണൻ, എസ്. രമേഷ് എന്നിവരാണ് മറ്റുപ്രതികൾ. ഇവരുടെ പേരിൽ 10 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 23 കേന്ദ്രങ്ങളിലാണ് ഉത്തരക്കടലാസ് പുനഃപരിശോധന നടന്നിരുന്നത്. 2017 ഏപ്രിൽ-മേയ് മാസത്തിൽ നടന്ന സെമസ്റ്റർ പരീക്ഷയിലെ മാർക്ക് പുനർനിർണയത്തിലാണ് തട്ടിപ്പ് പുറത്തായത്. ഉത്തരക്കടലാസുകൾ പൂർണമായും നശിപ്പിച്ചിരുന്നു. എന്നാൽ, നൂറിലധികം തിരുത്തിയ ഉത്തരക്കടലാസുകൾ ഡി.വി.എ.സി പിടിച്ചെടുത്തു. 3,02,380 വിദ്യാർഥികളാണ് പുനർനിർണയത്തിന് അപേക്ഷിച്ചിരുന്നത്. 90,000ത്തിൽപരം വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചു. ഇതിൽ പകുതിയിലധികം വിദ്യാർഥികളിൽനിന്ന് കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ഇതുവഴി 40 കോടി രൂപ സമാഹരിച്ചതായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഉമയുടെ കാലയളവിൽ ആറു സെമസ്റ്റർ പരീക്ഷകളിലായി 200 കോടിയിൽപരം രൂപയുടെ അഴിമതി നടന്നതായും പറയപ്പെടുന്നു. ഉമയുടെ വീട്ടിൽ നടന്ന റെയ്ഡിൽ നിരവധി രേഖകൾ കണ്ടെടുത്തു. ഇൗ കാലയളവിൽ 1,100 അധ്യാപകരെ മാർക്ക് പുനർനിർണയ ചുമതലയിൽനിന്ന് ഒഴിവാക്കിയതും അരലക്ഷത്തോളം ഉത്തരക്കടലാസുകളിൽ 40 മാർക്കുവരെ പുനർനിർണയത്തിൽ കൂടുതലായി അനുവദിച്ചതുമാണ് സംശയത്തിനിടയാക്കിയത്. പ്രതികൾ ഉടനെ അറസ്റ്റിലാവുമെന്നാണ് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചത്. ഉത്തരക്കടലാസ് പുനർ നിർണയത്തിന് അപേക്ഷിച്ച വിദ്യാർഥികളിൽനിന്ന് ഏജൻറുമാർ മുഖേനയാണ് കൈക്കൂലി ഇൗടാക്കിയിരുന്നത്. സർവകലാശാലക്കു കീഴിൽ 530ഒാളം എൻജിനീയറിങ് കോളജുകളാണ് പ്രവർത്തിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സർവകലാശാലയായാണ് അണ്ണാ യൂനിവേഴ്സിറ്റി അറിയപ്പെടുന്നത്. കെ.രാജേന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.