പുതുച്ചേരി: നിയമസഭയെയും അംഗങ്ങളെയും അപമാനിച്ചെന്നാരോപിച്ച് പുതുച്ചേരിയിൽ ലെഫ്റ്റനൻറ് ഗവർണർ കിരൺ ബേദിക്കെതിരെ ഭരണപക്ഷത്തുള്ള കോൺഗ്രസ്, ഡി.എം.കെ എം.എൽ.എമാർ അവകാശലംഘനത്തിന് നോട്ടീസ് നൽകി. മുഖ്യമന്ത്രി വി. നാരായണസാമിയുമായി വിവിധ വിഷയങ്ങളിൽ കൊമ്പുകോർക്കുന്ന ലെഫ്റ്റനൻറ് ഗവർണർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഏഴ് കോൺഗ്രസ് എം.എൽ.എമാരും ഡി.എം.കെ എം.എൽ.എയും ചേർന്നാണ് സ്പീക്കർ വി. വൈതിലിംഗത്തിന് എം.എൽ.എമാർ നിവേദനം നൽകിയിരിക്കുന്നത്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ 2016ൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത് മുതൽ വിവിധ വിഷയങ്ങളിൽ ലെഫ്റ്റനൻറ് ഗവർണറും ഭരണപക്ഷവും കൊമ്പുകോർത്തിട്ടുണ്ട്. മൂന്ന് ബി.ജെ.പി അംഗങ്ങളെ എം.എൽ.എമാരായി നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിൽ പ്രധാനം. നാമനിർദേശം അംഗീകരിക്കണമെന്ന സുപ്രീംകോടതി വിധി അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് കിരൺ ബേദി അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇതാണിപ്പോൾ ഭരണപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രസ്താവന സഭയുടെ അന്തസ്സ് കാംക്ഷിക്കുന്നവരിലും സഭാംഗങ്ങളിലും ആശങ്കയുണ്ടാക്കുന്നതാണെന്ന് സ്പീക്കർക്ക് നൽകിയ നിവേദനത്തിൽ എം.എൽ.എമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.