തണ്ണിത്തോട്: മണ്ണീറ-തണ്ണിത്തോട് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുലി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മണ്‍തിട്ടയിലിടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. മണ്ണീറയില്‍നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് വന്ന സി.പി.എം തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദ് സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പുലി ചാടിയത്. അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തായാണ് സംഭവം. റോഡരികില്‍ വനഭാഗത്ത് മണ്‍തിട്ടയില്‍നിന്ന് പുലി കാറിന് മുകളിലേക്ക് ചാടുകയായിരുന്നു. കോന്നി-തണ്ണിത്തോട് റോഡില്‍ പുലിയുടെ സാന്നിധ്യം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലും തണ്ണിത്തോട് റോഡില്‍ എലിമുള്ളുംപ്ലാക്കല്‍ ഭാഗത്ത് ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ കണ്ടിരുന്നു. പേരുവാലി ഭാഗത്തും മുണ്ടോംമൂഴിയില്‍ പുതിയ മാതൃക ഫോറസ്റ്റ്സ്റ്റേഷന്‍ നിര്‍മിക്കുന്ന സ്ഥലത്തിന് സമീപത്തും പുലിയുടെ സാന്നിധ്യമുണ്ടായിട്ടുള്ളതായി പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് റോഡ് മുറിച്ച് കടന്ന മ്ലാവ് ഇതുവഴി വന്ന സ്കൂട്ടറില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റത്. തണ്ണിത്തോട്, തേക്കുതോട്, ചിറ്റാര്‍, സീതത്തോട് തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ സഞ്ചരിക്കുന്നതും ഇതുവഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.