ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ല: മന്ത്രി മാത്യു ടി. തോമസ്

തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നും സ്ഥിതി നേരിടാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ ഒരുക്കങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി മാത്യു ടി. തോമസ്. അണക്കെട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചൊവ്വാഴ്ച ഒരു മണിക്കൂറില്‍ ശരാശരി 0.02 അടി വെള്ളമാണ് വർധിച്ചത്. കഴിഞ്ഞ17 മണിക്കൂറില്‍ 0.44 അടിയുടെ വർധന മാത്രമാണ് ഉണ്ടായത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുൻകൂട്ടി അറിയിപ്പ് നൽകിയ ശേഷമെ ട്രയല്‍ റണ്‍ നടത്തുകയോ ഷട്ടറുകള്‍ തുറന്നുവിടുകയോ ചെയ്യുകയുള്ളൂ. ചെറുതോണി പട്ടണത്തിലെ ചെക്ക് ഡാം മൂലം ഒഴുക്കിന് തടസ്സമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തുന്ന വേളയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചെറുതോണി ഡാം മുതല്‍ പനങ്കുട്ടിവരെയുള്ള പ്രദേശങ്ങളില്‍ ഒഴുക്കു തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എല്‍.എ, ജില്ല കലക്ടർ കെ. ജീവന്‍ ബാബു എന്നിവരടക്കമുള്ളവരുമായി മന്ത്രി ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.