വൈക്കം: നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന ചെറുകിട നെല്ലുകുത്ത് മില്ലുകൾ ഓർമയിലേക്ക്. കാർഷിക മേഖലയിലെ പ്രതിസന്ധിയും ഭീമമായ വൈദ്യുതി ചാർജുമാണ് മില്ലുകളെ പ്രതിസന്ധിയിലാക്കിയത്. 20 വർഷം മുമ്പുവരെ ഗ്രാമങ്ങളിലെ മിക്ക സ്ഥലങ്ങളിലും ചെറുകിട നെല്ലുകുത്ത് മില്ലുകൾ സജീവമായിരുന്നു. ഏറിയപങ്കും നെല്ല് വീട്ടിൽ പുഴുങ്ങി മില്ലുകളിൽ കുത്തി അരിയാക്കിയായിരുന്നു ഉപയോഗിച്ചിരുന്നത്. മില്ലുകളിൽ അരി വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആവശ്യക്കാർ എത്തുമായിരുന്നു. എന്നാൽ, ഇന്ന് നെല്ല് പുഴുങ്ങുന്ന വീടുകൾ കാണാക്കാഴ്ചയായി. കല്ലറ, തലയാഴം, ഇടയാഴം, വെച്ചൂർ, കൊതവറ, വടയാർ, വല്ലകം, ഉദയനാപുരം, ചെമ്മനത്തുകര, മൂത്തേടത്തുകാവ്, ടി.വി പുരം, വാഴമന, തോട്ടകം, ചെട്ടിമംഗലം, ചെട്ടിക്കരി, മാറ്റപ്പറമ്പ്, ഉല്ലല ഭാഗങ്ങളിൽ നൂറിലധികം മില്ലുകൾ ഉണ്ടായിരുന്നു. ഒരു മില്ലിൽ ദിവസേന ഇരുപതിലധികം ആളുകൾക്ക് പണി ലഭിക്കുമായിരുന്നു. ഇന്ന് മിക്കതും മൺമറഞ്ഞു. കിട്ടുന്ന വിലയ്ക്ക് പലരും യന്ത്രങ്ങൾ വിറ്റു. കാർഷികമേഖല തകരുകയും വയലുകൾ നികത്താനും തുടങ്ങിയതോടെ നെൽകൃഷി കുറഞ്ഞു. ഇതിനിടെ വൻകിട സ്വകാര്യ കമ്പനികൾ ആധുനിക മില്ലുകൾ സ്ഥാപിച്ച് സ്വന്തം ബ്രാൻഡുകളിൽ അരി വിപണിയിലെത്തിക്കാൻ തുടങ്ങിയതും തിരിച്ചടിയായി. കൊയ്ത്തടുക്കുമ്പോൾ നെൽപാടങ്ങളിൽ വൻകിട മില്ലുകളുടെ ഏജൻറുമാർ കർഷകർക്ക് അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിക്കുന്നു. ഇതോടെ ഈ മേഖലയെ ആശ്രയിച്ചിരുന്ന ചെറുകിട അരിക്കമ്പനികൾ പലതും പൂട്ടി. മില്ലിൽ നെല്ല് അരിയാകുമ്പോൾ ലഭിക്കുന്ന തവിട്, ഉമി, പൊടിയരി എല്ലാത്തിനും ആവശ്യക്കാർ ഏറെയായിരുന്നു. ഉമി മൺചട്ടിയിൽ വറുത്ത് കരിയാകുമ്പോൾ ഉണ്ടാകുന്ന ഉമിക്കരിയും വിരളമായി. ഇന്ന് തുറക്കാതെ കിടക്കുന്ന ചെറുകിട മില്ലുകളാണ് ഗ്രാമങ്ങളിൽ കാണുന്നത്. എന്നാൽ, ചുരുക്കം ചില മില്ലുകൾ പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.