കളമശ്ശേരി: പ്രതിരോധവകുപ്പിെൻറ ഭൂമിക്കുസമീപം വീട് പുതുക്കി പണിയാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കളമശ്ശേരി നഗരസഭക്കു മുന്നിൽ വൈകീട്ട് 3.30ഒാടെ വിടാക്കുഴ സ്വദേശി ബോസ്കോ ലൂയീസാണ് (32) ആത്മഹത്യശ്രമം നടത്തിയത്. അരയിൽ കുപ്പിയിൽ കരുതിയ പെട്രോൾ നഗരസഭ ഓഫിസിനു മുന്നിൽവെച്ച് തലയിലൂടെ ഒഴിക്കുകയായിരുന്നു. യുവാവ് പെട്രോൾ ഒഴിക്കുന്നത് ശ്രദ്ധയിൽപെട്ട, സംഭവസ്ഥലത്തുണ്ടായിരുന്നവർ ബഹളം വെക്കുകയും ഗേറ്റിന് പുറത്തുനിന്ന പൊലീസുകാർ ഓടിയെത്തി വെള്ളമൊഴിച്ച് രക്ഷപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി പറഞ്ഞയച്ചു. സംഭവത്തിനുമുമ്പ് ആത്മഹത്യശ്രമം അറിഞ്ഞ കളമശ്ശേരി പൊലീസ് യുവാവിനെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഓഫിസിനു മുന്നിലെത്തി ആത്മഹത്യശ്രമം നടത്തിയത്. വർഷങ്ങളായി പ്രദേശത്തെ താമസക്കാരനായ യുവാവ് 2013 ഡിസംബറിൽ വീട് നിർമിക്കാൻ നഗരസഭക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അഞ്ചു വർഷമായിട്ടും അനുമതി ലഭിച്ചില്ലെന്നാണ് ബോസ്കോ പറഞ്ഞത്. പ്രതിരോധ വകുപ്പിെൻറ ഭൂമിക്കു സമീപമായതിനാൽ അവരുടെ എൻ.ഒ.സി ആവശ്യമാണ്. അത് ലഭിക്കാത്തതാണ് പെർമിറ്റ് നൽകാൻ വൈകുന്നതെന്നാണ് നഗരസഭ പറയുന്നത്. മൂന്നാം തീയതി കലക്ടർ വിളിച്ച യോഗത്തിൽ വിഷയം അവതരിപ്പിച്ച് പരിഹാരത്തിന് ശ്രമിക്കാമെന്ന് യുവാവിനോട് പറഞ്ഞിരുന്നതായി ചെയർപേഴ്സൻ ജെസി പീറ്റർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.