*പെർമിറ്റ് എടുക്കാൻ യാത്ര ചെയ്യേണ്ടത് വലിയ ദൂരം മറയൂർ: പഴനി-ശബരിമല അന്തർ സംസ്ഥാനപാതയിൽ ആർ.ടി.ഒ ചെക്ക്പോസ്റ്റില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ആർ.ടി.ഒ ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടുക്കി മോട്ടോർ വാഹന സ്ക്വാഡ് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. ചിന്നാർ അതിർത്തിയിൽ ആർ.ടി.ഒ ചെക്പോസ്റ്റില്ലാത്തതിനാൽ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സർക്കാറിന് ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. യാത്രക്കാർക്ക് അതിർത്തി കടന്നുവരുന്നതിനുള്ള കടമ്പ ഭാരിച്ചതായതിനാൽ ഇവിടെ പെർമിറ്റ് എടുക്കാതെ മറ്റിടങ്ങളിലേക്ക് പോകുകയാണ് യാത്രക്കാർ. ഇതര സംസ്ഥാന ടാക്സി വാഹനത്തിലെത്തുന്ന വിനോദസഞ്ചാരികൾ കേരള പെർമിറ്റ് എടുക്കണമെങ്കിൽ ഉദുമൽപേട്ടയിൽനിന്ന് കിലോമീറ്ററുകൾ യാത്ര ചെയ്ത് പൊള്ളാച്ചിക്ക് സമീപം ഗോവിന്ദാപുരം ചെക്ക്പോസ്റ്റിനെ ആശ്രയിക്കേണ്ടി വരുകയാണിപ്പോൾ. മറയൂർ, കാന്തല്ലൂർ പ്രദേശത്തുള്ള ടാക്സി വാഹനങ്ങൾക്ക് പെർമിറ്റ് എടുക്കണമെങ്കിൽ 70 കി.മീ. അകലെ അടിമാലിയിൽ പോയിവരണം. അതിർത്തി ഗ്രാമമായ മറയൂരിലെ ടാക്സി സർവിസ് നടത്തുന്ന വാഹന ഉടമകളെയും ആർ.ടി.ഒ ചെക്ക്പോസ്റ്റ് ഇല്ലാത്തത് കാലങ്ങളായി വലക്കുകയാണ്. മറയൂർ പോലെ പിന്നാക്ക മേഖലയിൽ ഇരുസംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ടാക്സി പെർമിറ്റ് മുൻകൂർ അടക്കുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു. ആർ.ടി.ഒ ചെക്ക്പോസ്റ്റ് സ്ഥാപിച്ചാൽ ആവശ്യാനുസരണം പെർമിറ്റെടുത്ത് യാത്ര നടത്താൻ കഴിയും. വാണിജ്യനികുതി വകുപ്പിെൻറ ചെക്ക്പോസ്റ്റ് നിർത്തലാക്കിയതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന സൗകര്യം ഉപയോഗപ്പെടുത്തി അടിയന്തരമായി പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ശബരിമല-പഴനി തീർഥാടന പാതയുടെ ഭാഗമാണ് മൂന്നാർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാത. ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിന് പ്രഥാന തടസ്സമായിരുന്നത് അതിർത്തിയിൽ വെഹിക്കിൾ ചെക്പോസ്റ്റ് സ്ഥാപിക്കാൻ ആവശ്യമായ കെട്ടിടമില്ലെന്നതായിരുന്നു. ജി.എസ്.ടി സംവിധാനം നിലവിൽവന്നതോടെ അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ നിർത്തലാക്കുന്നതിെൻറ ഭാഗമായി മൂന്നാർ-ഉദുമൽപേട്ട റോഡിലെ വാണിജ്യനികുതി വകുപ്പിെൻറ ചെക്ക്പോസ്റ്റ് പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ ആർ.ടി.ഒ ചെക്ക്പോസ്റ്റ് ആരംഭിക്കുന്നതിനുള്ള പ്രധാന തടസ്സം നീങ്ങി. വകുപ്പുകൾ തമ്മിെല ചർച്ചയും കൈമാറ്റവും നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചാൽ ആർ.ടി.ഒ ചെക്ക്പോസ്റ്റിെൻറ പ്രവർത്തനം ആരംഭിച്ച് തീർഥാടകരുടേത് ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ മറയൂർ, മൂന്നാർ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ ഏറ്റവും ദൂരക്കുറവുള്ള പാതയാണ് എൻ.എച്ച് 17. മൂന്നാറിൽനിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന അതിർത്തിപ്രദേശമായ മറയൂരിൽ ആർ.ടി.ഒ ചെക്ക്പോസ്റ്റിെൻറ അഭാവം കാരണം നിരവധി സഞ്ചാരികളാണ് വലയുന്നത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ആയിരത്തോളം വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. മൂന്നാറിൽനിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ ഉൗട്ടി, പഴനി, കൊടൈക്കനാൽ, ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് പോകുന്നതിനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമാണ് മറയൂരിലൂടെ കടന്നുപോകുന്ന റോഡ്. ഈ അന്തർ സംസ്ഥാന പാതയിൽ ആർ.ടി.ഒ ഓഫിസ് സ്ഥാപിക്കുന്നത് പ്രദേശത്തിെൻറ വികസനത്തിനും വിനോദസഞ്ചാര വികസനത്തിനും പ്രയോജനകരമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സാധ്യതപഠനം വിജയം; രണ്ടുദിവസംകൊണ്ട് ലഭിച്ചത് മൂന്നുലക്ഷം മറയൂർ: ഉദുമൽപേട്ട റോഡിൽ കേരള തമിഴ്നാട് അതിർത്തിയിൽ ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനുവരിയിൽ സാധ്യത പഠനത്തിനെത്തിയ മോട്ടോർ വാഹനവകുപ്പിന് രണ്ടുദിവസത്തെ പരിശോധനയിൽ പിഴയായും നികുതിയായും മൂന്നുലക്ഷം രൂപയാണ് ലഭിച്ചത്. അന്തർ സംസ്ഥാന പെർമിറ്റെടുക്കാത്തതിനും വിവിധ മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുമായാണ് രണ്ടുദിവസംകൊണ്ട് മൂന്നുലക്ഷം രൂപ പിഴയായി ലഭിച്ചത്. ഇടുക്കി മോട്ടോർ വാഹന സ്ക്വാഡിലെ ഇൻസ്പെക്ടർ എം.കെ. പ്രമോദ്ശങ്കർ, അസി. മോട്ടോർ വെഹിക്കിൾമാരായ മഹേഷ് ചന്ദ്രൻ, െജറാൾഡ് വിൽസൺ എന്നിവരടങ്ങുന്ന സംഘമാണ് സാധ്യത പഠനത്തിെൻറ ഭാഗമായി വാഹന പരിശോധന നടത്തിയത്. ജനുവരിയിൽ റിപ്പോർട്ട് തയാറാക്കി നൽകിയെങ്കിലും തുടർ നടപടി അവതാളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.