*അന്തർ സംസ്ഥാന ചെക്ക്പോസ്റ്റുകളിലൂടെയും വനപാതകളിലൂടെയും ജില്ലയിലേക്ക് ലഹരി എത്തുന്നു * ഒരുകിലോയിൽ താഴെയുള്ള കഞ്ചാവ് കേസുകൾക്ക് ജാമ്യം ലഭിക്കുമെന്നതിനാൽ തൂക്കം കുറച്ചാണ് കഞ്ചാവ് കടത്ത് അടിമാലി: തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് ലഹരി ഒഴുകിയെത്തുന്നു. ലഹരിവേട്ടയുമായി മലയോരത്ത് എക്സൈസും പൊലീസും രംഗത്ത്. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ കുമളി, പൂപ്പാറ, നെടുങ്കണ്ടം, മറയൂർ, കോവിലൂർ, വാണിജ്യകേന്ദ്രങ്ങളായ അടിമാലി, കട്ടപ്പന, വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ തുടങ്ങി ജില്ലയിൽ ചെറുതും വലുതുമായ പട്ടണങ്ങളിലേക്കാണ് ലഹരി ഒഴുകിയെത്തുന്നത്. തമിഴ്നാട്-കേരള സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന ചെക്ക്പോസ്റ്റുകളിലൂടെയൂം വനപാതകളിലൂടെയുമാണ് ഇവ വ്യാപകമായി എത്തുന്നത്. കർണാടകയിൽ ഉൽപാദിപ്പിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ തമിഴ്നാട് വഴിയാണ് ഇടുക്കിയിലെത്തുന്നത്. വിദ്യാർഥികളെയും യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഉപയോഗിച്ചാണ് ലഹരിവസ്തുക്കൾ കടത്തുന്നത്. ഒരുകിലോയിൽ താഴെയുള്ള കഞ്ചാവ് കേസുകൾക്ക് കോടതിയിൽ ജാമ്യം ലഭിക്കുമെന്നതിനാൽ തൂക്കം കുറച്ചാണ് കഞ്ചാവ് കടത്ത് കൂടുതലായി നടക്കുന്നത്. പിടിയിലായാൽ ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമായി മാറും ഇതെല്ലാം. കടുത്തശിക്ഷ കിട്ടുകയുമില്ല. മദ്യവും പുകയില ലഹരിവസ്തുക്കളും പിടികൂടാനാണ് പൊലീസും എക്സൈസും അതിർത്തി റോഡുകളിൽ പരിശോധന തുടങ്ങിയതെങ്കിൽ ഇപ്പോൾ പിടിയിലാകുന്നതിലധികവും കഞ്ചാവാണ്. ഹഷീഷ് അടക്കമുള്ള ലഹരി വസ്തുക്കളും പിടികൂടിയതോടെ അന്വേഷണ ഏജൻസികൾ തന്നെ ഞെട്ടുകയാണ്. ബൈക്ക് യാത്രക്കാരെ പരിശോധിച്ച് തുടങ്ങിയതോടെ സർവിസ് ബസുകളിലാണ് ലഹരി കടത്തുകാർ ഇപ്പോൾ സഞ്ചരിക്കുന്നത്. വിലയും വീര്യവും കൂടിയ ലഹരിവസ്തുക്കൾ വൻതോതിൽ അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കടത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ എക്സൈസും പൊലീസും നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്. ......................... ആദ്യം ചികിത്സിക്കേണ്ടത് ഇൗ ആതുരാലയത്തെ * അസൗകര്യങ്ങളാൽ വലയുകയാണ് ചിത്തിരപുരം കമ്യൂണിറ്റി ഹെൽത്ത് സെൻററിലെത്തുന്ന രോഗികൾ അടിമാലി: ചിത്തിരപുരം കമ്യൂണിറ്റി ഹെൽത്ത് സെൻറർ ശോച്യാവസ്ഥയിൽ. ശുദ്ധജലമോ മറ്റ് അടിസ്ഥാന സൗകര്യമോ ഇല്ലാതെ ഇവിടെ എത്തുന്നവർ ദുരിതത്തിലാണ്. 1937ൽ തോട്ടം തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ മുൻനിർത്തിയാണ് ചിത്തിരപുരത്ത് ആശുപത്രി തുറക്കുന്നത്. പിന്നീട് പ്രധാന പൊതുജനാരോഗ്യകേന്ദ്രമായി ഇത് വളർന്നെങ്കിലും അധികൃതരുടെ അവഗണനയും ഭൂമികൈയേറ്റവും ആശുപത്രിയെ നാശത്തിെൻറ വക്കിലെത്തിക്കുകയായിരുന്നു. ഹൈറേഞ്ചിൽ ആദ്യമായി കിടത്തിച്ചികിത്സ ആരംഭിച്ച ഇവിടെ ഇപ്പോഴും സൗകര്യങ്ങളുണ്ടെങ്കിലും പ്രവർത്തനം ഉച്ചവരെ മാത്രമാണ്. ആറ് ഡോക്ടർമാരും 14 ജീവനക്കാരും 30ലേറെ കിടക്കകളുമുള്ള ആശുപത്രിയുടെ പ്രവർത്തനം രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ മാത്രമാണ്. ആറു ഡോക്ടർമാർ സേവനം അനുഷ്ഠിക്കുമ്പോഴും ഇവിടെ അത്യാഹിത വിഭാഗമില്ല. മുഴുവൻ സമയത്തും ഡോക്ടറുടെ സേവനമില്ലാത്തതിനാൽ കിടത്തിച്ചികിത്സയുമില്ല. കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെയെല്ലാം മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. സർക്കാർ ഇവിടെ ആശുപത്രി തുടങ്ങിയപ്പോൾ 15 ഏക്കർ സ്ഥലം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അഞ്ച് ഏക്കർ സ്ഥലംപോലും ആശുപത്രിക്കില്ല എന്നതാണ് യാഥാർഥ്യം. റിസോർട്ട് മാഫിയ ഉൾപ്പെടെ വ്യാപകമായി നടത്തിയ കൈയേറ്റമാണ് ഇതിനു കാരണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടുവർഷം മുമ്പ് സർവേ നടത്തിയപ്പോൾ പൊതുമരാമത്ത് റോഡ് ഉൾപ്പെടെ അളന്നിട്ടും ആശുപത്രിയുടെ ഭൂമി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വിശദ സർവേ നടത്തി ഭൂമി തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പിന്നീട് ഒരു നടപടിയും റവന്യൂ-ആരോഗ്യവകുപ്പ് അധികൃതർ നടത്തിയില്ല. റിസോർട്ട് മാഫിയകളുടെ ഇടപെടലായിരുന്നു ഇതിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച അമ്മയുടെയും കുട്ടികളുടെയും ജില്ല ആശുപത്രിയും ഇവിടെയായിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിലൂടെ ഈ ആശുപത്രി അടിമാലിയിലേക്ക് മാറ്റപ്പെട്ടു. അടിമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഈ ആശുപത്രി. എന്നാൽ, വികസന പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടുകൾ ഇവിടേക്ക് അനുവദിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ വാർഡിൽപെട്ട ഈ സ്ഥാപനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ദിവസം 200 മുതൽ 300വരെ രോഗികൾ ചികിത്സ തേടി എത്താറുണ്ട്. ബൈസൺവാലി, പള്ളിവാസൽ, വെള്ളത്തൂവൽ, മൂന്നാർ പഞ്ചായത്തുകളിലെ സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇവിടെയെത്തുന്ന രോഗികളിലധികവും. കഴിഞ്ഞ ഏതാനും വർഷമായി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ജനങ്ങളുടെ ആരോപണം. ആശുപത്രി വികസന സമിതി നിലവിലുണ്ടെങ്കിലും പ്രവർത്തനം പേരിൽ മാത്രമാണുള്ളതെന്നും ആക്ഷേപമുണ്ട്. ഡോക്ടർമാരുടെ ജോലി സമയം പുനഃക്രമീകരിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.