തൊടുപുഴ: സർക്കാറിെൻറ ഒന്നാം വാർഷികത്തിൽ നേട്ടം പറയാൻ തട്ടിക്കൂട്ടി പുനരാരംഭിച്ച പള്ളിവാസൽ ജലവൈദ്യുതി പദ്ധതി നിർമാണം നിലച്ചു. സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്നതിൽ ഏറ്റവും വലിയ 60 മെഗവാട്ട് പദ്ധതിയാണ് നിർമാണം തുടങ്ങി മാസങ്ങൾക്കുള്ളിൽ നിലച്ചത്. കൂടിയ നിരക്കിൽ കരാർ ഒപ്പിടുന്നതിന് നടപടിയില്ലാതായതോടെയാണ് മുഖ്യകരാറുകാരായ എസ്സാർ ഗ്രൂപ്പും പി.എസ്.എം കൺസ്ട്രക്ഷൻസും ടണലിെൻറയും പവർഹൗസിെൻറയും പണി നിർത്തിവെച്ചത്. 2004ലെ എസ്റ്റിമേറ്റ് നിരക്കിലാണ് 2006ൽ പദ്ധതി ടെൻഡർ ചെയ്തത്. നാലുവർഷത്തിനുള്ളിൽ കമീഷൻ ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതി 10 വർഷമായിട്ടും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ശേഷിച്ച പണിക്ക് പുതിയ നിരക്ക് ആവശ്യം സർക്കാർ അംഗീകരിച്ചത്. വാഗ്ദാനം ചെയ്ത 2015ലെ നിരക്ക് നടപ്പാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് പി.എസ്.എം കൺസ്ട്രക്ഷൻസ് ഡയറക്ടർ മുഹമ്മദ് നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. 2017 ഏപ്രിൽ മുതൽ പുതിയ നിരക്കായിരുന്നു വാഗ്ദാനം. യന്ത്രസാമഗ്രികൾ നൽകുന്നതിന് കരാറായ ചൈനീസ് കമ്പനി ഡി.ഇ.സിയും നിരക്ക് സംബന്ധിച്ച് ഉടക്കി വിട്ടുനിൽക്കുകയാണ്. എസ്റ്റിമേറ്റ് തുക 360ൽനിന്ന് 550 കോടിയായി ഉയര്‍ത്തണമെന്ന ചീഫ് എൻജിനീയറുടെ (സിവില്‍ കണ്‍സ്ട്രക്ഷന്‍സ് സൗത്ത്) ശിപാർശ കണക്കിലെടുത്ത് മന്ത്രി എ.കെ. ബാലെൻറ നേതൃത്വത്തിലെ മന്ത്രിതല സമിതി നിർദേശിച്ചതനുസരിച്ചായിരുന്നു പുതിയ നിരക്ക്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. ഇൻടേക് ടണലിെൻറ കോൺക്രീറ്റിങ്ങിന് 140 കോടി സമ്മതിച്ച് പ്രാഥമിക നീക്കങ്ങൾ നടത്തിവരുന്നത് മാത്രമാണ് പദ്ധതിയുടെ പേരിൽ ഇപ്പോൾ നടക്കുന്ന ഒരേയൊരു നടപടി. 220 കോടിയോളം രൂപയുടെ ജോലികൾ നിർത്തിവെച്ചിട്ട് രണ്ടാഴ്ചയായി. 2006 ഡിസംബർ 26ന് ഇടതു സർക്കാറിെൻറ കാലത്താണ് എ.കെ. ബാലൻ മന്ത്രിയായിരിക്കെ നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് തറക്കല്ലിട്ടത്. പദ്ധതി വൈകുന്നതുമൂലം 42 ലക്ഷം രൂപയുടെ പ്രതിദിന നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. മൂന്നാറിലെ ഹെഡ്വർക്സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്ന ജലം ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ എക്സ്റ്റൻഷൻ രൂപപ്പെടുത്തിയത്. ആദ്യ ജലപദ്ധതിയായ പള്ളിവാസൽ നിലയത്തിന് ചേർന്നാണിത്. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.