നെല്ല് സംഭരണത്തിൽനിന്ന് സർക്കാർ പിന്നോട്ടില്ല -മന്ത്രി പി. തിലോത്തമൻ കോട്ടയം: നെല്ല് സംഭരണത്തിൽനിന്ന് സർക്കാർ പിന്മാറില്ലെന്ന് മന്ത്രി പി. തിലോത്തമൻ. സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണവും ഗുണനിലവാര മാനദണ്ഡവും പുനർനിർണയിക്കുന്നതിന് വെച്ചൂർ പുത്തൻപാലം എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന നെല്ല് നിശ്ചിതമാനദണ്ഡങ്ങൾക്കനുസരിച്ച് സ്വകാര്യ മില്ലുകൾക്ക് നൽകി പൊതുവിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കരിവ്, ഈർപ്പം, പതിര് ഇവയുടെ അളവ് കണക്കാക്കിയാണ് ഗുണനിലവാരം നിശ്ചയിക്കുക. ഒരു ക്വിൻറൽ നെല്ല് കുത്തുമ്പോൾ 68 കിലോ അരി ലഭിക്കണമെന്നാണ് കണക്ക്. സംസ്ഥാന സർക്കാർ സ്വകാര്യ മില്ലുകളോട് ആവശ്യപ്പെടുന്നത് 64 കിലോ അരിയാണ്. എന്നാൽ, മില്ലുകൾ ആവശ്യപ്പെടുന്ന 60-61 കിലോ അരി എന്ന കണക്ക് സ്വീകാര്യമല്ല. ഒരു ക്വിൻറൽ നെല്ലിന് 61കിലോ അരി മാത്രമേ ലഭിക്കൂവെന്ന മില്ലുടമകളുടെ വാദം അടിസ്ഥാനരഹിതമാണ്. വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം ശരാശരി 64.8 കിലോ അരി ലഭിക്കും. കൃഷിക്കാരെ മുൾമുനയിൽ നിർത്തി നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുടമകളെ കർശനമായി നേരിടും. പറഞ്ഞ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്വകാര്യ മില്ലുകൾ നെല്ല് സംഭരിക്കാത്ത പക്ഷം ബദൽ സംവിധാനം കൊണ്ടുവരും. നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മേഖല തിരിച്ച് കർഷകരുടെയും പാടശേഖര സമിതിയുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും യോഗം ചേരുകയാണ്. കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലിെൻറ ഗുണനിലവാരം പരിശോധിക്കാൻ പഞ്ചായത്ത് പ്രസിഡൻറ്, പാഡി, കൃഷി ഓഫിസർ എന്നിവർ ഒന്നിച്ചു തീരുമാനമെടുക്കണം. കർഷകരിൽനിന്ന് നെല്ല് സംഭരിച്ചിട്ട് ഗുണമേന്മ കുറഞ്ഞ അരി സപ്ലൈകോക്ക് വിതരണം ചെയ്ത മില്ലുകൾക്കെതിരെ നടപടിയെടുക്കും. ഈ വർഷം കിലോക്ക് 23.30 രൂപക്കാണ് കർഷകരിൽനിന്ന് നെല്ല് സംഭരിച്ചത്. പാടങ്ങളിൽനിന്ന് നെല്ല് ചുമന്നുകൊണ്ട് പോകുന്ന തൊഴിലാളികളുടെ കൂലി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കും. കാർഷിക മേഖലയിൽ പല കൂലിയെന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശകുന്തള ദേവി, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി. സുഗതൻ, കെ.കെ. രഞ്ജിത്ത്, അഡ്വ. മഹേഷ് ചന്ദ്രൻ, ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഷിബു, ശ്രീദേവി ജയൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. മീര, സപ്ലൈകോ റീജനൽ മാനേജർ ജോമോൻ, പാഡി മാർക്കറ്റിങ് ഒാഫിസർ സുരേഷ് എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്തക്കടവ്, എം.എൽ.റോഡ്, ചന്തക്കവല, ജില്ല ആശുപത്രി, ചെല്ലിയൊഴുക്കം റോഡ്, വെള്ളാപ്പള്ളി റോഡ്, ഗുഡ് ഷെപ്പേഡ് റോഡ്, എം.ഡി കമേഴ്സ്യൽ സെൻറർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ജില്ല പ്രതിനിധി സമ്മേളനം നാളെ കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് യുവജന വിഭാഗമായ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ല പ്രതിനിധി സേമ്മളനം ശനിയാഴ്ച വൈകീട്ട് നാലിന് ഏറ്റുമാനൂർ ഹോട്ടൽ വെട്ടൂർ ഒാഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ബിജു കെ.ലൂക്കോസ് അധ്യക്ഷതവഹിക്കും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അഡ്വ. മൈക്കിൾ ജയിംസ്, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. പി.സി. ജോസഫ്, വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, മാത്യു സ്റ്റീഫൻ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.