കോട്ടയം: വൈക്കത്ത് യുവതിയെ റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട് ഭർത്താവ് മർദിച്ച സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന യുവതിയുടെ പരാതിയും കമീഷൻ ഗൗരവത്തിലെടുത്തു. ഇതു സംബന്ധിച്ച് കോട്ടയം എസ്.പിയുടെ റിപ്പോർട്ട് ലഭ്യമാക്കാനും നിഷ്പക്ഷവും സത്വരവുമായ നടപടി സ്വീകരിക്കാനും ചെയർപേഴ്സൺ എം.സി. ജോസഫൈൻ നിർദേശിച്ചു. ആഗസ്റ്റ് 29ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂര്‍ ഹില്‍സില്‍ നെല്ലുവേലില്‍ ദില്‍ന അല്‍ഫോൻസയെ ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അയച്ച വിഡിയോ ക്ലിപ്പ് വൈറലായതോടെയാണ് സംഭവം പുറത്തായത്. ചെമ്മനാകരിയിലെ സ്വകാര്യ റിസോർട്ടിൽ അടച്ചിട്ട മുറിയിൽനിന്നായിരുന്നു സന്ദേശം. റിസോർട്ടിൽ ജനറൽ മാനേജറായ ഭർത്താവ് കോഴിക്കോട് സ്വദേശി അഭിജിത് നായർ മർദിച്ചതായും വധഭീഷണിയുള്ളതായും പറഞ്ഞിരുന്നു. മർദനത്തിൽ നെറ്റിയിൽ ഉണ്ടായ പരിക്കും കാണിച്ചു. വൈക്കം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു മതവിഭാഗങ്ങളിൽപെട്ട ഇവരുടേത് പ്രണയവിവാഹമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വിവാഹ ബന്ധം വേർപ്പെടുത്താൻ കുടുംബകോടതിയിൽ കേസ് നടക്കുകയാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസിനുമേൽ സമ്മർദമുണ്ടെന്ന ആക്ഷേപത്തിനിടെയാണ് വനിത കമീഷെൻറ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.