കട്ടപ്പന: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് തിട്ടയിലിടിച്ച് കാറിനു മുകളിലേക്ക് മറിഞ്ഞ് 10 പേർക്ക് പരിക്ക്. രണ്ട് കാർ യാത്രക്കാർ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് കട്ടപ്പന--കുട്ടിക്കാനം സംസ്ഥാനപാതയിൽ നാലുമണിക്കൂർ ഗതാഗതം മുടങ്ങി. സ്വകാര്യ ബസ് ഡ്രൈവർ ചിന്നാർ നാലാംമൈൽ സ്വദേശി മോനായി, മുരിക്കാശേരി സ്വദേശിനി ബിന്ദു രവി (48), ചിറ്റാർ സ്വദേശിനി തങ്കമ്മ (67), എരുമേലി പാറേടത്ത് ആൻസമ്മ (35), പാറേടത്ത് മേരിക്കുട്ടി (63), ചിറ്റാർ സ്വദേശിനി അമ്മിണി, കായംകുളം സ്വദേശിനി രാജമ്മ (66), കരിന്തരുവി ഉമാനിലയം ഉദയകുമാർ, കൽത്തൊട്ടി കുടപ്പാട്ട് ടോംസ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഏലപ്പാറ സിറ്റി ഹോസ്പിറ്റൽ, കട്ടപ്പന സെൻറ് ജോൺസ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ചപ്പാത്ത് വാഴക്കാലായിൽ ജസ്റ്റിെൻറ കൈക്ക് പരിക്കേറ്റു. ഏലപ്പാറ മൂന്നാം മൈലിൽ വ്യാഴാഴ്ച 12.50നാണ് അപകടം. കായംകുളം--നെടുങ്കണ്ടം റൂട്ടിലോടുന്ന ട്രിനിറ്റി ബസും മാരുതി 800 കാറുമാണ് അപകടത്തിൽപെട്ടത്. നിറയെ യാത്രക്കാരുമായി നെടുങ്കണ്ടത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചു മുന്നിലുണ്ടായിരുന്ന കാറിെൻറ പിന്നിലിടിച്ച് മുകളിലേക്ക് മറിയുകയായിരുന്നു. കാറിെൻറ പിൻസീറ്റ് വരെയുള്ള ഭാഗം ബസിെൻറ അടിയിൽപെട്ടു. മുന്നിൽപോയ കാർ വേഗം കുറച്ചപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. കൽത്തൊട്ടി പുത്തൻപുരക്കൽ ജയിംസിേൻറതാണ് (തോമസ്) കാർ. ജയിംസും സുഹൃത്ത് ടോംസും മുൻ സീറ്റിലായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ പിന്നിലെ ഗ്ലാസ് തകർത്താണ് ബസ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ് കാറിെൻറ മുകളിൽ പതിച്ച് അഞ്ച് മീറ്ററോളം നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്. പീരുമേട് സി.ഐ ഷിബുകുമാർ, എസ്.ഐ ജി. വിഷ്ണു, ഉപ്പുതറ എസ്.ഐ എസ്. കിരൺ, കട്ടപ്പന എസ്.ഐ കെ.എം. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കട്ടപ്പന, പീരുമേട് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ബസും അടിയിൽപെട്ട കാറും മാറ്റാൻ ഫയർഫോഴ്സ് പലവട്ടം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പിന്നീട് കട്ടപ്പനയിൽനിന്ന് ക്രെയിൻ എത്തിച്ച് നാല് മണിയോടെയാണ് തടസ്സം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ഏലപ്പാറ--ചെമ്മണ്ണ്--കൊച്ചുകരിന്തരുവി വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.