കോട്ടയം: വരുമാനക്കുറവിെൻറ പേരിൽ അടച്ചുപൂട്ടിയ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ അന്വേഷണകൗണ്ടറും മൈക്കിലൂടെ അനൗൺസ്മെൻറും പുനഃസ്ഥാപിച്ചു. ഡി.വൈ.എഫ്.െഎയുടെ നേതൃത്വത്തിൽ ഡി.ടി.ഒയെ തടഞ്ഞുവെച്ച പ്രതിഷേധത്തിനൊടുവിലാണ് നിലവിലെ സംവിധാനം തുടരാൻ തീരുമാനിച്ചത്. ജോലി ഭാരത്തിൽ ബുദ്ധിമുട്ടുന്ന സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവെച്ച് പ്രശ്നത്തിന് താൽക്കാലിക ശമനം കണ്ടെത്തിയ സംവിധാനം എത്രനാൾ തുടരുമെന്ന കാര്യത്തിൽ അധികൃതർക്കും ഉറപ്പില്ല. ജീവനക്കാരുടെ അര്‍ധഡ്യൂട്ടി ഒഴിവാക്കുന്നതിെൻറ ഭാഗമായി അന്വേഷണകൗണ്ടര്‍ പൂട്ടണമെന്ന എം.ഡിയുടെ ഉത്തരവാണ് പ്രശ്നം സൃഷ്ടിച്ചത്. ഉത്തരവ് പ്രകാരം അന്വേഷണകൗണ്ടറിൽ ജോലിനോക്കിയിരുന്ന കണ്ടക്ടർമാരെ പൂർണമായും ഒഴിവാക്കിയതോടെ പകരം വെക്കാൻ ആളില്ലാത്ത സ്ഥിതിയാണെന്ന് ഡി.ടി.ഒ റോയി ജേക്കബ് 'മാധ്യമ'ത്തോട് പറഞ്ഞു. സ്റ്റേഷൻ മാസ്റ്റർക്ക് അധികച്ചുമതല നൽകി, നിർത്തലാക്കിയ അന്വേഷണകൗണ്ടർ സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ഫലപ്രദമാകില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ദിവസവും സര്‍വിസുകള്‍ അയക്കുക, വണ്ടികളുടെ സമയം രേഖപ്പെടുത്തുക, കോണ്‍വോയി ഒഴിവാക്കുക തുടങ്ങി തിരക്കുപിടിച്ച ജോലികളാണ് സ്റ്റേഷൻ മാസ്റ്റർക്കുള്ളത്. ഇതിനിടെ, എത്തുന്ന യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാനാകില്ല. ഇതിനുപുറെമ സ്റ്റേഷൻ മാസ്റ്ററുടെ തസ്തിക വെട്ടിക്കുറച്ചതും വിനയായി. കോട്ടയം നേര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ടുവിഭാഗത്തിൽ ജോലിചെയ്തിരുന്ന രണ്ടുപേരിൽ ഒരാളെയും ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഏറ്റവും തിരക്കേറിയതിൽ ഒന്നായ കോട്ടയത്തെ ബസുകളുടെ വരവും പോക്കും അനൗൺസ്മെൻറ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ പൂർണമായും ഇനി ഇല്ലാതാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പുതിയ ഉത്തരവ് മറികടന്നുള്ള പ്രവൃത്തികൾ ചെയ്യാനാകാതെ ഉദ്യോസ്ഥരും അധികജോലി ഏറ്റെടുക്കാൻ ജീവനക്കാരും തയാറാകാത്ത സ്ഥിതിയാണ്. ബസുകളുടെ സമയവിവരം ഫോണിലൂടെ അറിയാനുള്ള സംവിധാനം പൂർണമായും നിലച്ചു. ദിവസവും രണ്ടായിരത്തോളം ട്രിപ്പുകളാണ് വന്നുപോകുന്നത്. ശരാശരി 10,000ത്തോളം യാത്രക്കാരാണ് എത്തുന്നത്. ദീര്‍ഘദൂര ബസുകളുടെ സമയം യാത്രക്കാര്‍ ഫോണില്‍ വിളിച്ചാണ് അറിയുന്നത്. സമയം മുന്‍കൂട്ടിയറിഞ്ഞ് യാത്ര ആസൂത്രണം ചെയ്യാനും ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള അവസരവും നിഷേധിക്കപ്പെട്ടു. കറുകച്ചാല്‍, പെരുന്ന സ്റ്റേഷൻ ഓഫിസുകളിലെ അന്വേഷണകൗണ്ടർ നിർത്തലാക്കിയിരുന്നു. ഡി.ടി.ഒയെ തടഞ്ഞുവെച്ച് ഡി.വൈ.എഫ്.െഎയുടെ പ്രതിഷേധം കോട്ടയം: വരുമാനക്കുറവിെൻറ പേരിൽ അടച്ചുപൂട്ടിയ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷനിലെ അന്വേഷണകൗണ്ടർ തുറക്കണമെന്ന് ആവശ്യപെട്ട് ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഡി.ടി.ഒയുടെ ഒാഫിസ് ഉപരോധിച്ചു. ഡി.ടി. ഒ റോയി ജേക്കബിനെ മുക്കാൽ മണിക്കൂറോളം തടഞ്ഞുവെച്ചു. തിങ്കളാഴ്ച രാവിലെ 11.45നാണ് സംഭവം. മുദ്രാവാക്യം മുഴക്കിയെത്തിയ 20ഒാളം ഡി.വൈ.എഫ്.െഎ പ്രവർത്തകർ ഡി.ടി.ഒയുടെ മുറിയിലേക്ക് കയറുകയായിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അന്വേഷണകൗണ്ടർ തുറക്കുകയും ബസുകളുടെ സമയവിവരങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്യണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വെസ്റ്റ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കതക് അകത്തുനിന്ന് കുറ്റിയിട്ട പ്രവർത്തകർ നടപടിയുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്ന് വ്യക്തമാക്കി. സർക്കാർ ഉത്തരവ് മറികടന്ന് തീരുമാനമെടുക്കാനാകില്ലെന്ന് ഡി.ടി.ഒ അറിയിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. പിന്നീട് കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൗണ്ടർ തുറക്കാനും സ്റ്റേഷൻ മാസ്റ്റർക്ക് അധികച്ചുമതല നൽകി മൈക്കിലൂടെ സമയവിവരങ്ങൾ അറിയിക്കാനും ധാരണയെത്തി. ഉച്ചക്ക് 12.30ന് അന്വേഷണകൗണ്ടറിൽനിന്ന് അറിയിപ്പ് എത്തിയതിനുശേഷമാണ് ഉപരോധം അവസാനിച്ചത്. കോട്ടയം നഗരസഭ കൗൺസിലർ അരുൺ ഷാജി, ഡി.വൈ.എഫ്.െഎ ബ്ലോക്ക് സെക്രട്ടറി കെ.ആർ. അജയ്, പ്രസിഡൻറ് എസ്. ബിനോയി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.