മൂന്നാര്‍ ടൗൺ ടാറ്റയിൽനിന്ന്​ മോചിപ്പിക്കണം; വാടക പിരിക്കുന്നത്​ തെറ്റ്​ ^സി.പി.ഐ

മൂന്നാര്‍ ടൗൺ ടാറ്റയിൽനിന്ന് മോചിപ്പിക്കണം; വാടക പിരിക്കുന്നത് തെറ്റ് -സി.പി.ഐ തൊടുപുഴ: മൂന്നാര്‍ ടൗൺ ടാറ്റ കമ്പനിയുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് സി.പി.ഐ ഇടുക്കി ജില്ല കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മൂന്നാറില്‍ ടാറ്റ കമ്പനിയുടെ വാഴ്ചയാണ് നടക്കുന്നത്. മൂന്നാറിലെ വ്യാപാരികളില്‍നിന്ന് വാടക പിരിക്കാനോ അവരുടെപേരില്‍ മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ ടാറ്റക്ക് അധികാരമില്ല. 1971ല്‍ കണ്ണ ന്‍ദേവന്‍ മലനിരകളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. 1974ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് തേയില കൃഷി നടത്താനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 57,000 ഏക്കര്‍ സ്ഥലം കുത്തകപ്പാട്ടവ്യവസ്ഥയില്‍ ടാറ്റക്ക് (കണ്ണന്‍ ദേവൻ കമ്പനി) തിരിച്ചുനല്‍കുകയായിരുന്നു. ഈ സ്ഥലത്ത് മൂന്നാര്‍ ടൗണും ഉള്‍പ്പെട്ടു. പാട്ടഭൂമിയാണെന്നിരിക്കെയാണ് ടൗണിലെ വ്യാപാരികളോടും മറ്റും ടാറ്റ വാടക പിരിക്കുന്നത്. മൂന്നാര്‍ ടൗണ്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അവിടത്തെ മുഴുവന്‍ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് തൊടുപുഴയില്‍ നടന്ന ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൗണ്‍സിൽ അംഗം സി.യു. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി.എ. കുര്യന്‍, പി. പ്രസാദ്, ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍, അസിസ്റ്റൻറ് സെക്രട്ടറി പി. മുത്തുപാണ്ടി, സംസ്ഥാന കൗണ്‍സിൽ അംഗങ്ങളായ മാത്യു വര്‍ഗീസ്, കെ. സലിംകുമാര്‍ എന്നിവരും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.