അടിമാലി: അർധരാത്രിക്കുശേഷം വീട്ടിൽ കടന്ന് വയോധികനായ എസ്റ്റേറ്റ് മാനേജറെ കെട്ടിയിട്ടു കവർച്ച. കുരിശുപാറ കൈനഗിരി എസ്റ്റേറ്റ് മാനേജർ ആലപ്പുഴ ഹരിപ്പാട് കിഴക്കേടത്ത് രാമചന്ദ്രകൈമളിനെയാണ് (73) സ്വന്തം വീട്ടിൽ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. ഭാര്യ ഹരിപ്പാെട്ട വീട്ടിൽ പോയതിനെ തുടർന്ന് ഇദ്ദേഹം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 1.25 ലക്ഷം രൂപയും കൈയിൽ ധരിച്ചിരുന്ന സ്വർണമോതിരവും വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. വാതിലിൽ മുട്ടിവിളിച്ചുണർത്തിയ മൂന്നംഗ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. വലിച്ചിഴച്ച് െബഡ്റൂമിലെത്തിച്ചശേഷം ഉടുത്തിരുന്ന മുണ്ട് വലിച്ചുകീറി കൈയും കാലും ബന്ധിക്കുകയും തല പിടിച്ച് നിലത്തും ചുമരിലും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നും കൈമൾ പറഞ്ഞു. വീട്ടിലിരുന്ന വാക്കത്തിയെടുത്ത് കൊണ്ടുവന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനിടെ കൈയിൽ കിടന്ന അരപ്പവൻ വരുന്ന മോതിരം ബലമായി ഉൗരിയെടുത്തു. മേശപ്പുറത്തിരുന്ന വാച്ചുകളും കൈക്കലാക്കി. തുടർന്ന് അലമാരയുടെ താക്കോൽ കണ്ടെത്തി അതിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. പുരയിടത്തിൽനിന്ന് ലഭിച്ച ഏലക്ക വിറ്റതും ശമ്പളമായി ലഭിച്ചതും ഉൾപ്പെടെ തുകയാണിത്. കൈമളിനെ ജനലിൽ ബന്ധിച്ച ശേഷമാണ് കള്ളന്മാർ സ്ഥലം വിട്ടത്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന സമയമായതിനാൽ വലിയ തുക വീട്ടിൽ സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് തസ്കരർ എത്തിയതെന്നാണ് കരുതുന്നത്. എന്നാൽ, എസ്റ്റേറ്റിലെ പണം വീട്ടിൽ സൂക്ഷിക്കാറില്ലെന്ന് മാനേജർ പറഞ്ഞു. തലഭിത്തിയിൽ ഇടിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടിരുന്നു. രാവിലെ കുരിശുപാറയിലെ പീടികയിലെത്തി ചായ കുടിക്കുന്ന പതിവുള്ള കൈമൾ എത്താതിരുന്നതോടെ എസ്റ്റേറ്റിലെ ജീവനക്കാരൻ സാബു പറഞ്ഞയച്ച ഓട്ടോ ൈഡ്രവറാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടർന്ന് മോണിങ് സ്റ്റാർ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 125ലേറെ തൊഴിലാളികളാണ് കൈനഗിരി എസ്റ്റേറ്റിലുള്ളത്. 40 വർഷം മുമ്പാണ് രാമചന്ദ്രകൈമൾ എസ്റ്റേറ്റിൽ മാനേജറായി എത്തുന്നത്. ഇവിടെ സ്ഥലം വാങ്ങി നാട്ടുകാരനായി മാറിയ ഇദ്ദേഹം എൻ.എസ്.എസ് കരയോഗം പ്രസിഡൻറും കല്ലാർ ക്ഷേത്രം സെക്രട്ടറിയുമാണ്. മോഷണസംഘത്തിലൊരാളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചതായാണ് വിവരം. ഇടുക്കിയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മൂന്നാർ ഡിവൈ.എസ്.പി ആർ. ബിനു, അടിമാലി സി.ഐ പി.കെ. സാബു, എസ്.ഐ സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.