കൂട്​ ഉപയോഗിച്ച്​ മീൻ പിടിക്കുന്നതിന്​ നിരോധനം; ലംഘിച്ചാൽ പിടിവീഴും

കോട്ടയം: മീൻ കൂടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഫിഷറീസ് വകുപ്പ് നിരോധിച്ചു. ശുദ്ധജല മത്സ്യങ്ങളുടെ പ്രജനനസമയമായ മൺസൂൺ സീസണിൽ മുട്ടയിടാനെത്തുന്ന മത്സ്യങ്ങൾ കൂട്ടത്തോടെ ഇത്തരം കൂടുകളിൽ അകപ്പെടുന്നതാണ് നിരോധനം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പിനെ പ്രേരിപ്പിച്ചത്. വലിയ കൂടുകൾക്കൊപ്പം ചെറിയ കൂടുകൾക്കും വിലക്കുണ്ട്. ഇത്തരം രീതിയിൽ മീൻ പിടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനയും തുടങ്ങി. അടുത്തഘട്ടമായി ഉൾനാടൻ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. കൂട്ടമായി മീനുകളെ ആകർഷിക്കുന്ന മത്സ്യബന്ധനമാർഗങ്ങൾ പാടില്ലെന്നാണ് നിയമം. ഇതിൽ ഉൾപ്പെടുത്തിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഒഴുക്കുള്ള സ്ഥലങ്ങളിലാണ് കൂടുതലായി കൂടുകൾ സ്ഥാപിക്കുന്നത്. ഇതിേനാട് ചേർന്നുള്ള ഭാഗങ്ങൾ കെട്ടിയടക്കുന്നതും പതിവാണ്. ഇതോടെ ആ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന മുഴുവൻ മീനുകളും കൂടുകളിൽ അകപ്പെടുന്നു. മധ്യകേരളത്തിലെ നദികൾ കേന്ദ്രീകരിച്ചും കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലും ഇത്തരം മത്സ്യബന്ധനം വ്യാപകമാണ്. പുഴ മീനുകളുടെ ലഭ്യത ക്രമാതീതമായി കുറയുന്നതിനും ചിലയിനം മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിനും പിന്നിൽ കൂട് മത്സ്യബന്ധനത്തിന് പങ്കുണ്ടെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു. കുട്ടനാടൻ മേഖലകളിൽ ആമകൾ കൂട്ടത്തോെട കൂടുകളിൽ അകപ്പെടുന്നതായും കെണ്ടത്തിയിരുന്നു. ഇങ്ങനെ ലഭിക്കുന്ന ആമകളെ ചില ഷാപ്പുകൾ നിയമവിരുദ്ധമായി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ആമകളെ വിൽക്കുന്നതിന് വിലക്ക് നിലനിൽക്കെയാണിത്. പമ്പ, മണിമല, മീനച്ചിലാർ എന്നീ നദികളിൽ ഇത്തരം മത്സ്യബന്ധനം വ്യാപകമായിരുന്നു. ഇതി​െൻറ കൈത്തോടുകളിലും ചെറുതോടുകളിലും ഇത്തരം മത്സ്യബന്ധനം പരമ്പരാഗതമായി നിലനിൽക്കുന്നുണ്ട്. നിരോധനം വന്ന സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. നദികളുടെ ൈകവഴിയിൽ തെങ്ങുംകുറ്റികൾ അടക്കമുള്ളവ ഉപയോഗിച്ച് പൂർണമായും അടച്ചുെകട്ടി ഒന്നിലധികം കൂടുകൾ സ്ഥാപിച്ച് ഒരുമത്സ്യംപോലും രക്ഷപ്പെടാത്തവിധം പിടിക്കുന്ന പതിവുണ്ട്. ഇത് വ്യാപക ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കും. കോട്ടയം ജില്ലയിൽ പുതുപ്പള്ളി, അയ്മനം, വൈക്കം, പൂവം, കുമരകം, കല്ലറ, നീണ്ടൂർ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള മത്സ്യബന്ധനം വ്യാപകമാണ്. മുള, ഇൗറ്റ, കയർ എന്നിവ ഉപയോഗിച്ചാണ് കൂട് സാധാരണയായി നിർമിക്കുന്നത്. അടുത്തകാലത്തായി ചിലയിടങ്ങളിൽ ഇരുമ്പും ഉപയോഗിക്കുന്നുണ്ട്. കൂട്ടിനുള്ളിലേക്ക് അനായാസം കഴിയുന്ന മത്സ്യങ്ങൾക്ക് തിരിച്ചിറങ്ങാൻ കഴിയില്ല. പിന്നീട്, ഇതി​െൻറ പിൻഭാഗം തുറന്ന് മീനുകളെ പിടിക്കുകയാണ് രീതി. രാത്രിയിൽ സ്ഥാപിച്ചശേഷം രാവിലെ എടുക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. രാവിലെയും വൈകുന്നേരവുമടക്കം പലതവണ കൂട് എടുക്കുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.