കോട്ടയം: പൊതുസമൂഹം നേരിടുന്ന മാലിന്യപ്രശ്നങ്ങൾക്ക് ഫലപ്രദമായും സമയബന്ധിതമായും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, സാമൂഹിക-സാസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ സമഗ്ര പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിഷയം ചർച്ചചെയ്തു. ബോധവത്കരണത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സംസ്കരണപദ്ധതികൾ ഫലപ്രദമായി നടപ്പാക്കി മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിെൻറഭാഗമായി നവകേരള ജില്ലതല മിഷൻ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, വാർഡുതല ശുചിത്വസമിതി എന്നിവയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് മാലിന്യത്തിനെതിരെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തും. ഇതുസംബന്ധിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സാങ്കേതികസമിതിയുടെ യോഗം ആഗസ്റ്റ് 20നകം ചേരാനും നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ-മാലിന്യ സംസ്കരണത്തിനുതകുന്ന പദ്ധതികൾ സെപ്റ്റംബർ 10നകം തയാറാക്കണം. ഈ പദ്ധതികൾക്ക് സെപ്റ്റംബർ 30നകം ജില്ല ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് കലക്ടറും ജില്ല ശുചിത്വമിഷനും ഉറപ്പുവരുത്തണമെന്നും സർക്കാർ നിർേദശിച്ചിട്ടുണ്ട്. ശുചിത്വ--മാലിന്യസംസ്കരണ പദ്ധതിയുടെ നിർമാണോദ്ഘാടനം നവംബർ ഒന്നിന് നടത്താൻ തദ്ദേശ ഭരണസ്ഥാപനങ്ങളും ജില്ല ഹരിതകേരളം മിഷനും നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർേദശിച്ചു. ജനുവരി 31നകം പുതുതായി ആവിഷ്കരിച്ച ശുചിത്വ--മാലിന്യ സംസ്കരണ പദ്ധതികളിൽ പകുതിയെങ്കിലും പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. പദ്ധതി നടപ്പാക്കുന്നതിെൻറ മുന്നോടിയായി ബോധവത്കരണവും വിവരശേഖരണവും നടത്തുന്നതിന് ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും. ഇതിന് ഓരോ വർഷവും 40-50 വീടുകൾക്ക് ഒന്ന് എന്ന കണക്കിൽ പ്രത്യേക ടീമുകൾക്കും രൂപം നൽകും. കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ ടീമിൽ അംഗങ്ങളായിരിക്കും. ആഗസ്റ്റ് ആറുമുതൽ 18വരെ തീയതികളിലായിരിക്കും ഗൃഹസന്ദർശനം. ഇതിനുമുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികളുടെയും സെക്രട്ടറിമാരുടെയും യോഗം ജൂലൈ 24ന് ജില്ലതലത്തിൽ വിളിച്ചുചേർക്കാനും മന്ത്രി നിർേദശം നൽകി. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, എ.ഡി.എം കെ. രാജൻ, ജില്ല പ്ലാനിങ് ഓഫിസർ കെ.എസ്. ലത, ശുചിത്വമിഷൻ ജില്ല കോ-ഓഡിനേറ്റർ ഫിലിപ് ജോസഫ്, ജില്ലയിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.