െക.എസ്. ശ്രീജിത്ത് ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പിയുമായി കൂട്ടുചേർന്ന നിതീഷ് കുമാറിനെ എതിർക്കുന്ന ജനതാദൾ യുനൈറ്റഡ് നേതാവ് ശരദ് യാദവിനെ മുൻനിർത്തി പ്രതിപക്ഷം പ്രതിരോധനിര വികസിപ്പിക്കുന്നു. ശരദ് യാദവിനെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടങ്ങുന്ന 16 അംഗ സമിതിയുടെ കൺവീനറായി തെരഞ്ഞെടുത്തു. ആഗസ്റ്റ് 17ന് ഡൽഹിയിൽ യാദവ് നടത്തിയ 'സമ്മിശ്ര സംസ്കാരത്തെ സംരക്ഷിക്കുക' എന്ന കൺവെൻഷൻ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിനേതൃത്വത്തിെൻറ നിർേദശം ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടലിന് വോട്ട് ചെയ്ത പാർട്ടി എം.എൽ.എ ഛോട്ടുഭായ് ബാസവയെയും 16 അംഗ സമിതിയിൽ അംഗമായി തെരഞ്ഞെടുത്തു. ആനന്ദ് ശർമ (കോൺഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം), രാംഗോപാൽ യാദവ് (എസ്.പി), താരീഖ് അൻവർ (എൻ.സി.പി), വീർ സിങ് (ബി.എസ്.പി), സുഖേന്തു ശേഖർ റോയ് (ടി.എം.സി), ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുറാം മറാൻഡി (ജെ.വി.എം-പി), ഹേമന്ദ് സോറൻ (ജെ.എം.എം), മേനാജ് ഝാ (ആർ.ജെ.ഡി), പ്രകാശ് അംബേദ്കർ (ഭാരിപ ബഹുജൻ മഹാസംഘ്), ഡാനിഷ് അലി (ജെ.ഡി-എസ്), രാം റായ് (ജെ.ഡി-യു) എന്നിവരാണ് 16 അംഗ സമിതിയിലുള്ളത്. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം കെട്ടിപ്പടുക്കുന്നതിെൻറ ഭാഗമായാണ് നീക്കം. നിതീഷ് പക്ഷം വിളിച്ച ദേശീയ നിർവാഹകസമിതിയിൽ നിന്ന് വിട്ടുനിന്ന് സമാന്തര യോഗം വിളിച്ചിട്ടും ശരദ് യാദവിനെതിരെ നടപടി എടുത്തിരുന്നില്ല. എന്നാൽ, 27ന് ലാലുപ്രസാദ് യാദവ് സംഘടിപ്പിക്കുന്ന 'ബി.ജെ.പിയെ തുരത്തി രാജ്യത്തെ രക്ഷിക്കൂ'യെന്ന പരിപാടിയിൽ ശരദ് യാദവ് പെങ്കടുത്താൽ നടപടി എടുക്കുമെന്ന് ജെ.ഡി(യു) ജനറൽ സെക്രട്ടറി കെ.സി. ത്യാഗി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അതേസമയം, താൻ മഹാസഖ്യം വിടുന്നതിന് മുമ്പ് പാർട്ടി പിളർത്താനും എം.എൽ.എമാരെ വശത്താക്കാനുമായി ശ്രമം നടന്നിരുന്നെന്ന് നിതീഷ് കുമാർ ആരോപിച്ചു. ഏതെങ്കിലും വ്യക്തികളുടെയോ പാർട്ടികളുടെയോ പേര് അദ്ദേഹം എടുത്ത് പറഞ്ഞില്ലെങ്കിലും ആർ.ജെ.ഡിയെ ലക്ഷ്യമിട്ടാണ് ആരോപണമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇത്തരം ആക്ഷേപം സഖ്യം വിടുന്നതിന് വേണ്ടിയുള്ള കാരണം കണ്ടെത്തൽ മാത്രമാണെന്ന് ആർ.ജെ.ഡി നേതൃത്വം തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.