ആലക്കോട്: എക്സൈസ് സംഘം കഞ്ചാവുകേസിൽ കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചനിലയിൽ. ആലക്കോട് എക്സൈസ് സംഘം നടുവിൽ ടൗണിൽനിന്ന് അറസ്റ്റ് ചെയ്ത ചക്കൻറകത്ത് മുത്തലിബാണ് (35) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ നടുവിൽ ടൗണിൽനിന്ന് കഞ്ചാവ് കൈവശംെവച്ച കേസിലാണ് എക്സൈസ് സംഘം മുത്തലിബിനെ അറസ്റ്റ് ചെയ്തത്. വൈകീട്ട് 7.25ഓടെ മരിച്ചു. ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ മുത്തലിബിനെ എത്തിച്ചശേഷം എക്സൈസ് സംഘം സ്ഥലംവിടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിശോധന നടത്തിയപ്പോഴാണ് ഇയാൾ മരിച്ചതായി കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് നൂറുകണക്കിനാളുകൾ ആശുപത്രി പരിസരത്ത് എത്തി. എന്നാൽ, എക്സൈസ് അധികൃതർ ആരും ആശുപത്രിയിൽ എത്തിയില്ല. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ബുധനാഴ്ച ആർ.ഡി.ഒ എത്തിയതിനുശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താവൂ എന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. സംഭവം കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ കെ. ഹേമന്ദ്കുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനിടെ പ്രതിക്ക് അപസ്മാരം പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് എക്സൈസ് സംഘം നൽകുന്ന വിശദീകരണം. മൂസാൻ-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന. മക്കൾ: മുനീർ, മൂസാൻ, മുഫാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.