കോട്ടയം ബേക്കർ ജങ്ഷനിലെ തകർന്ന റോഡിൽ റീടാറിങ് വൈകരുത് -അനീഷ്, കോട്ടയം കോട്ടയം ബേക്കർ ജങ്ഷനിലെ റോഡ് അടിയന്തര പ്രാധാന്യത്തോടെ റീടാറിങ് നടത്താൻ അധികൃതർ തയാറാവണം. ആയിരക്കണക്കിന് വാഹനങ്ങളും കാൽനടക്കാരും രാപകൽ ഭേദമന്യേ കടന്നുപോവുന്ന ഈ ജങ്ഷനിലെ റോഡ് തകർന്നിട്ട് മാസങ്ങളായി. നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതരോ ജനപ്രതിനിധികളോ തയാറാകുന്നില്ല. പൊളിഞ്ഞ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മലിനജലം യാത്രക്കാരുടെ ശരീരത്ത് തെറിക്കുന്നത് പതിവായിരിക്കുകയാണ്. ജോലിസ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും മറ്റും പോവുന്നവരുടെ ശരീരത്ത് വെള്ളം തെറിച്ച് യാത്ര മുടങ്ങിയ സംഭവങ്ങളും നിരവധിയുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ കണ്ണിൽപൊടിയിടുന്നു എന്ന ചൊല്ല് അന്വർഥമാക്കി കുഴികളിൽ പാറപ്പൊടിയിട്ട് അറ്റകുറ്റപ്പണി നടത്തി. പിറ്റേന്നു മുതൽ വീണ്ടും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഓരത്തുകൂടെ നടന്നുപോകുന്നവർ ചളിവെള്ളം തെറിക്കുന്നത് പേടിച്ച് ഈ ഭാഗത്തുനിന്ന് ഓടിക്കടക്കുകയാണ്. വാഹനങ്ങൾ കുഴികളിൽച്ചാടി റോഡിനോടു ചേർന്നുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും ചളിവെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്. കാൽനടക്കാരെ രക്ഷിക്കണം -മുരളീധരക്കുറുപ്പ്, കറുകച്ചാൽ കറുകച്ചാൽ ടൗണിലെ പ്രധാന റോഡുകളിലെ സീബ്രലൈനുകൾ എല്ലാം മാഞ്ഞു. ഇതോടെ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കറുകച്ചാൽ ബസ് സ്റ്റാൻഡ്, സെൻട്രൽ ജങ്ഷൻ, മണിമല റോഡ് തുടങ്ങിയ തിരക്കേറിയ പാതകളിലെ സീബ്രലൈനുകളാണ് പൂർണമായും മാഞ്ഞത്. പലയിടിങ്ങളിലും ലൈനുകൾ അവ്യക്തമാണ്. നൂറുകണക്കിന് സ്‌കൂൾ കുട്ടികളും യാത്രക്കാരുമാണ് ബുദ്ധിമുട്ടുന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ മാത്രമാണ് ഹോംഗാർഡുകൾ ഉള്ളത്. സീബ്രലൈനുകൾ മാഞ്ഞതിനാൽ യാത്രക്കാരെ കണ്ടാലും വാഹനങ്ങൾ നിർത്താറില്ല. ഇതോടെ വാഹനങ്ങളുടെ ഇടയിലൂടെ ഭീതിയോടെ സഞ്ചരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ഏതാനും മാസം മുമ്പ് ചിലയിടങ്ങളിൽ വീണ്ടും സീബ്രലൈനുകൾ നിർമിച്ചിരുന്നു. മഴക്കാലമായതോടെ പലയിടങ്ങളിലും ഇത് മാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.