യു.പി: അപകടകാരണം റെയിൽവേയുടെ അനാസ്​ഥ

ട്രെയിൻ പോയത് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ മുസഫർനഗർ (യു.പി): 22 പേരുടെ മരണത്തിനിടയാക്കി മുസഫർനഗറിലെ ഖടൗലിയിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ട്രെയിൻദുരന്തത്തിന് കാരണമായത് റെയിൽവേയുടെ അനാസ്ഥയെന്ന് സൂചന. അറ്റകുറ്റപ്പണി നടന്നുെകാണ്ടിരുന്ന ട്രാക്കിലൂടെ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ട്രെയിൻ അതിവേഗം പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിൽ ജോലികൾ നടക്കുന്നത് ലോക്കോ പൈലറ്റും ഖടൗലി സ്റ്റേഷൻ അധികൃതരും അറിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അപകടം അട്ടിമറിയല്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ ശനിയാഴ്ച രാത്രി തന്നെ വ്യക്തമാക്കിയിരുന്നു. പാളത്തിൽ നിർമാണജോലികൾ നടക്കുന്നുണ്ടായിരുന്നെന്നും അതാണോ അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിലാണ് സ്ഥിരീകരിക്കേണ്ടതെന്നും റെയിൽവേ (ട്രാഫിക്) ബോർഡ് അംഗം മുഹമ്മദ് ജംഷീദ് പറഞ്ഞു. അപകടം നടന്നയുടൻ റെയിൽവേ ജീവനക്കാരാണ് ഉത്തരവാദികൾ എന്ന രീതിയിൽ രണ്ട് റെയിൽവേ ജീവനക്കാർ നടത്തിയ ഫോൺസംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെപ്പറ്റിയും അന്വേഷിക്കും. റെയിൽവേ സുരക്ഷ കമീഷണർ ശൈലേഷ് കുമാർ പഥക് ഇന്ന് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി തലത്തിലുള്ളയാളടക്കം മൂന്നു മുതിർന്ന ഉദ്യോഗസ്ഥർ സംഭവത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ചിട്ടുണ്ട്. നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. റെയിൽവേ ബോർഡ് അംഗം ആദിത്യ കുമാർ മിത്തൽ, വടക്കൻ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ, ഡിവിഷനൽ റെയിൽവേ മാനേജർ (ഡൽഹി) ആർ.എൻ സിങ് എന്നിവർക്കാണ് നിർബന്ധിത അവധി. ഒഡിഷയിലെ പുരിയിൽനിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസി​െൻറ 23 കോച്ചുകളിൽ 13 എണ്ണമാണ് ഖടൗലിയിൽ പാളം തെറ്റി മറിഞ്ഞത്. സംഭവത്തിൽ 22 പേർ മരിച്ചതായാണ് റെയിൽവേയുടെ കണക്ക്. 150 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്. അതിനിടെ, 50 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എസ് ഒന്നുമുതൽ 10 വരെയും തേർഡ് എ.സി ബി-1, സെക്കൻഡ് എ.സി എ-1, പാൻട്രി കോച്ചുകളുമാണ് അപകടത്തിൽെപട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.