ഐ.സി.എച്ച്​ വികസനത്തിന്​ അനുവദിക്കുന്ന കോടികൾ വകമാറ്റു​ന്നു

ഗാന്ധിനഗർ (കോട്ടയം): ശിശുമരണങ്ങൾ രാജ്യം ചർച്ച ചെയ്യുന്നതിനിടെ, കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി (ഐ.സി.എച്ച്) വികസനത്തിനു അനുവദിക്കുന്ന കോടികൾ വകമാറ്റുന്നതായി കണ്ടെത്തി. ഏറ്റവും ഒടുവിൽ നവജാത ശിശുക്കളെ ചികിത്സിക്കാൻ ആധുനിക വ​െൻറിലേറ്റർ വാങ്ങാൻ ചൈൽഡ് ആൻഡ് വുമൺസ് ഹെൽത്ത് വിഭാഗം അനുവദിച്ച ഒന്നരക്കോടിയാണ് വകമാറ്റിയത്. കഴിഞ്ഞ ദിവസം കുട്ടികളുടെ ആശുപത്രിയിൽ ആരോഗ്യ വകുപ്പി​െൻറ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് തുക വകമാറ്റിച്ചെലവഴിക്കുന്നതായി കണ്ടെത്തിയത്. 2010 മുതൽ ഒന്നരക്കോടി വീതം എല്ലാവർഷവും കുട്ടികളുടെ ആശുപത്രിയിലേക്ക് അനുവദിക്കുന്നതായി പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഇൗ തുക കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിനായി ചെലവഴിക്കാറില്ല. പകരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഇത് നിയമവിരുദ്ധമാണെന്ന് പരിശോധന വിഭാഗം വ്യക്തമാക്കുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കുട്ടികളുടെ ആശുപത്രിയെ അലട്ടുന്നതിനിടെയാണ് തുക മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഒരു വർഷം ശരാശരി 500ഒാളം നവജാത ശിശുക്കൾ ഉൾപ്പെടെ 1.73 ലക്ഷം കുട്ടികളാണ് ഐ.സി.എച്ചിൽ ചികിത്സ തേടിയെത്തുന്നത്. ഇതിൽ 60,000 കുട്ടികൾ കിടത്തിച്ചികിത്സ ആവശ്യമുള്ളവരാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്ന് എത്തുന്നവരാണ് ഇതിൽ ഭൂരിഭാഗം. നവജാതശിശുക്കൾക്ക് കിടത്തിച്ചികിത്സക്ക് ആവശ്യമായ സൗകര്യം ഇതുവരെ ആശുപത്രിയിൽ ലഭ്യമാക്കിയിട്ടില്ല. ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്കു എക്കോ സിസ്റ്റം എടുക്കണമെങ്കിൽ മെഡിക്കൽ കോളജിൽ എത്തണം. കൂടാതെ എല്ലാ സർക്കാർ ആശുപത്രികളിലും പോർട്ടബിൾ എക്സ്റേ ഉണ്ടെങ്കിലും കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ മാത്രം ഈ സംവിധാനമില്ല. അൾട്ര സൗണ്ട് സ്കാനിങ്, വ​െൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസ് തുടങ്ങി കുട്ടികളുടെ ജീവൻ നിലനിർത്താനാവശ്യമായ ആധുനിക ചികിത്സാ സംവിധാനങ്ങൾ പലതും ഇവിടെയില്ല. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുേമ്പാഴാണ് കുട്ടികളുടെ ആശുപത്രി വികസനത്തിന് അനുവദിക്കുന്ന കോടികൾ വഴിമാറ്റുന്നത്. ഇത് പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. അനുവദിക്കുന്ന തുക ഐ.സി.എച്ച് വികസനത്തിനു മാത്രമായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.