തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് വെള്ളിയാഴ്ച രാത്രി പ്രസിദ്ധീകരിക്കുമെന്നറിയിച്ച പ്രവേശന പരീക്ഷാ കമീഷണറേറ്റ് ഒരു പകൽ മുഴുവൻ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും തീ തീറ്റിച്ചു. ക്രിസ്ത്യൻ മാനേജ്മെൻറ് ഫെഡേറഷന് കീഴിലുള്ളത് ഒഴികെയുള്ള മുഴുവൻ കോളജുകളിലേക്കും 11 ലക്ഷം ഫീസ് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയ സർക്കാർ വൈകീേട്ടാടെ വിജ്ഞാപനം തിരുത്തി ഇറക്കി. 11 ലക്ഷം ഫീസ് രണ്ട് കോളജുകളിലേക്ക് മാത്രമായി ചുരുക്കുകയും ബാക്കിയുള്ളവയിൽ അഞ്ച് ലക്ഷം രൂപ ഫീസായും നിശ്ചയിച്ചാണ് വൈകീട്ട് വിജ്ഞാപനം ഇറക്കിയത്. വെള്ളിയാഴ്ച അർധരാത്രി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണർതന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ശനിയാഴ്ച പത്രങ്ങളിൽ ഇതുസംബന്ധിച്ച വാർത്ത കണ്ട് പരതിയ വിദ്യാർഥികൾക്ക് വെബ്സൈറ്റിൽ അലോട്ട്മെൻറ് ലഭ്യമായില്ല. അർധരാത്രിക്കുശേഷം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച പ്രവേശനപരീക്ഷാ കമീഷണറേറ്റ് സാേങ്കതിക തകരാർ കണ്ടതിനെ തുടർന്ന് ഉടൻ പിൻവലിക്കുകയായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാവിലെ മുതൽ പട്ടിക ലഭ്യമാകാത്തതിെനതുടർന്ന് പരീക്ഷാ കമീഷണറേറ്റിൽ വിദ്യാർഥികളുടെ നിലക്കാത്ത അന്വേഷണമായിരുന്നു. വ്യക്തമായ മറുപടി നൽകാൻ ഒാഫിസിലുള്ളവർക്കും കഴിഞ്ഞില്ല. പകൽ മുഴുവൻ നീണ്ട കാത്തിരിപ്പിനുശേഷം മെഡിക്കല്‍ പ്രവേശനത്തിനുള്ള അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചെന്ന് അറിയിച്ചെങ്കിലും പ്രവേശനപട്ടികക്കായി വിദ്യാര്‍ഥികള്‍ക്ക് പകൽ മുഴുവന്‍ കാത്തിരിക്കേണ്ടിവന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമായത്. അലോട്ട്മെൻറ് ഒരുദിവസം വൈകിയതോടെ ഫീസ് സംഘടിപ്പിക്കല്‍ അടക്കമുള്ള ഒരുക്കങ്ങള്‍ക്ക് രക്ഷാകർത്താക്കള്‍ക്ക് ഒരുദിവസം കൂടി നഷ്ടമായി. 85 ശതമാനം സീറ്റുകളില്‍ 11 ലക്ഷമെന്ന ഫീസ് കോടതിയെ സമീപിച്ച കോളജുകള്‍ക്ക് മാത്രമാണോ ബാധകം എന്നകാര്യത്തിലെ ആശയക്കുഴപ്പമാണ് പട്ടിക വൈകാന്‍ കാരണം. മുഴുവൻ സ്വാശ്രയ കോളജുകൾക്കും ഇത് ബാധകമാണെന്നായിരുന്നു ആദ്യം സർക്കാറിന് അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം ലഭിച്ചത്. എന്നാൽ, കേസിൽ സുപ്രീംകോടതിയെ സമീപിച്ച കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ കോളജുകൾക്ക് മാത്രമേ 11 ലക്ഷം വാങ്ങാൻ അനുമതി നൽകുന്ന വിധി ബാധകമാകൂ എന്ന് സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത സർക്കാറിന് നിയമോപദേശം നൽകിയതോടെയാണ് വിജ്ഞാപനം മാറ്റിയിറക്കിയതും ഉയർന്ന ഫീസ് രണ്ട് കോളജുകൾക്ക് മാത്രമാക്കിയതും. കഴിഞ്ഞവര്‍ഷത്തെ ഫീസിന് സമ്മതിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ എന്നീ കോളജുകളിലേക്ക് അലോട്ട്മെൻറ് നടത്തിയിട്ടില്ല. കരാര്‍ വ്യവസ്ഥ റദ്ദാക്കിയതിനെതിരെ ഈ കോളജുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. ആരോഗ്യ സര്‍വകലാശാല അഫിലിയേഷന്‍ നഷ്ടമായ പാലക്കാട് കരുണ, കണ്ണൂര്‍, കോഴിക്കോട് മലബാര്‍, തിരുവനന്തപുരം എസ്.യു.ടി എന്നിവയെയും അലോട്ട്മെൻറിൽനിന്ന് ഒഴിവാക്കി. ഇതിന് പുറമെ ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ സാമുദായിക സീറ്റുകളിലേക്കുള്ള അലോട്ട്മെൻറും നടത്തിയിട്ടില്ല. നേരത്തേ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച കോളജുകളെയും അലോട്ട്മെൻറില്‍ പരിഗണിച്ചിട്ടില്ല. എം.ബി.ബി.എസിനൊപ്പം ഡെൻറല്‍, ആയുര്‍വേദം തുടങ്ങിയവയുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെൻറ് ലഭിച്ചവര്‍ 24നകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.