സബ്ഡിവിഷനല്‍ ഓഫിസും വാട്ടര്‍ ടാങ്കും തകര്‍ച്ചയുടെ വക്കില്‍

വൈക്കം: വൈക്കത്തെ ജലവിഭവ വകുപ്പിന്‍െറ വാട്ടര്‍ ടാങ്കും സബ് ഡിവിഷനല്‍ ഓഫിസും തകര്‍ച്ചയുടെ വക്കില്‍. നഗരസഭക്ക് പുറമെ സമീപത്തെ ഏഴു പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം നടത്തുന്ന വൈക്കം സബ്ഡിവിഷന്‍ ഓഫിസിന്‍െറ കോമ്പൗണ്ടിലെ വാട്ടര്‍ ടാങ്കാണ് അപകടാവസ്ഥയിലായിരിക്കുന്നത്. നഗരസഭയിലെ 6000ത്തോളം വരുന്ന കണക്ഷനുകളും സമീപപഞ്ചായത്തുകളിലായി 16,000 കണക്ഷനുകളും ചേര്‍ന്ന് ഏതാണ്ട് 22,000ത്തോളം വാട്ടര്‍ കണക്ഷനുകളാണ് സബ്ഡിവിഷന്‍െറ കീഴിലുള്ളത്. 50 കൊല്ലത്തോളും പഴക്കമുള്ള 27,5000 ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‍െറ തൂണുകള്‍ ദ്രവിച്ച് സിമന്‍റ് കട്ട അടര്‍ന്നിരിക്കുകയാണ്. ആദ്യം കക്കാട് പദ്ധതിയില്‍പെടുത്തിയെങ്കിലും പിന്നീട് രാഷ്ട്രീയ ഇടപെടലുകള്‍ മൂലം വൈക്കത്തിന് മാത്രമായി വെള്ളൂര്‍ ചങ്ങലപ്പാലം പദ്ധതി എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് കടുത്തുരുത്തി സബ്ഡിവിഷനിലേക്കും ജലവിതരണം നടത്തുന്നുണ്ട്. രണ്ട് സബ്ഡിവിഷനുകളിലും ജലവിതരണം നടത്തുന്ന വെള്ളൂര്‍ ചങ്ങലപ്പാലം പ്ളാന്‍റിന്‍െറ നിയന്ത്രണം വൈക്കം ഡിവിഷന്‍െറ കീഴിലാക്കുകയും കരാര്‍ ജോലിക്കാര്‍ക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ കുറ്റമറ്റരീതിയില്‍ ജലവിതരണം നടത്താന്‍ കഴിയും. 2012ല്‍ കമീഷന്‍ ചെയ്ത പ്ളാന്‍റില്‍ ഇതുവരെയായി ഒരു ജീവനക്കാരനുപോലും സ്ഥിരം നിയമനം നല്‍കിയിട്ടില്ല. ഇത്രയധികം ഉപഭോക്താക്കളുള്ള സബ്ഡിവിഷന്‍െറ കീഴില്‍ വെള്ളൂരിലെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ വൈക്കം നിയോജക മണ്ഡലത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടും. ആറ് ഏക്കറിലധികം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സബ്ഡിവിഷന്‍െറ കീഴില്‍ രണ്ട് സെക്ഷന്‍ ഓഫിസും വലിയ വാട്ടര്‍ ടാങ്കും ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സുമാണ് പ്രവര്‍ത്തിക്കുന്നത്. കോമ്പൗണ്ടിലുള്ള ഒട്ടുമിക്ക കെട്ടിടങ്ങളും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്. ഒരു അസി. എന്‍ജിനീയറുടെ കീഴില്‍ 12ഓളം ജീവനക്കാര്‍ ജോലി ചെയ്തിരുന്ന സെക്ഷന്‍ ഓഫിസ് കെട്ടിടത്തിന്‍െറ മുകള്‍ ഭിത്തി പൂര്‍ണമായും അടര്‍ന്ന് താഴെവീഴുന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍െറ കീഴില്‍ ജോലി ചെയ്തിരുന്നവരുടെ മേല്‍ വാര്‍ക്ക അടര്‍ന്ന് വീണതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ തൊട്ടടുത്ത സ്ഥാപനത്തിലാണ് ഇപ്പോള്‍ ഇരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.