കുറവിലങ്ങാട്, കടപ്ളാമറ്റം പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടരുന്നു

കുറവിലങ്ങാട്: കുറവിലങ്ങാട്, കടപ്ളാമറ്റം പഞ്ചായത്തുകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. സത്വര നടപടി സ്വീകരിക്കേണ്ട ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ പ്രവര്‍ത്തനമാകട്ടെ നിര്‍ജീവം. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം ആളുകളെ ഡെങ്കിപ്പനി ബാധിച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. അതിനിടെ, സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്വകാര്യ ആശുപത്രികളും ക്ളിനിക്കുകളും ചികിത്സ തേടിയത്തെുന്ന രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കുറവിലങ്ങാട്, കടപ്ളാമറ്റം മേഖലകളില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഡി.എം.ഒ അറിയിച്ചിരുന്നു. എന്നാല്‍, അതിനുസരിച്ചുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. കൊതുകിനെ തുരത്താന്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും നടപ്പായില്ല. കുറവിലങ്ങാട്, കടപ്ളാമറ്റം സര്‍ക്കാര്‍ ആശുപത്രികളില്‍ നിത്യേന നൂറുകണക്കിന് രോഗികളാണ് കനത്ത പനിക്ക് ചികിത്സ തേടിയത്തെുന്നത്. ആശുപത്രികളിലെ പരിമിതിയും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും പലപ്പോഴും ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. കാളികാവ്, ഇലക്കാട്, വയല, കോഴ, നസ്രത്തുഹില്‍, കാട്ടാമ്പാക്ക്, കാണക്കാരി മേഖലകളിലാണ് പനിബാധിതര്‍ ഏറെയും. ഡെങ്കിപ്പനി ബാധിതര്‍ ഏറെയും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്തെുന്നത്. കുറവിലങ്ങാട് പ്രദേശത്തുള്ള നിരവധിപേര്‍ ഡെങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ചിക്കന്‍പോക്സ്, വൈറല്‍ പനി, വയറിളക്കം ബാധിച്ചവരും പ്രദേശത്ത് ഏറെയാണ്. ഉഴവൂര്‍ ബ്ളോക് പഞ്ചായത്ത് പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനാളുകളാണ് പനിബാധിച്ചത്തെുന്നത്. ഇവിടെയും ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. ഗുരുതരാവസ്ഥയിലത്തെുന്ന രോഗികള്‍ പോലും ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണമെന്നതാണ് സ്ഥിതി. മിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കിടത്തിച്ചികിത്സ ഇല്ലാത്തതും രോഗികള്‍ക്ക് തിരിച്ചടിയാകുന്നു. രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തിനാല്‍ സാധാരണക്കാര്‍പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.