ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കെട്ടിട സമുച്ചയം; പൈലിങ് തുടങ്ങി

ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പുതിയ കെട്ടിട സമുച്ചയ നിര്‍മാണത്തിന്‍െറ പൈലിങ് വ്യാഴാഴ്ച ആരംഭിച്ചു. കെട്ടിടം നിര്‍മിക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍നിന്ന് 7.26 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഓഫിസ്, റിസര്‍വേഷന്‍ കൗണ്ടറുകള്‍, റെയില്‍വേ പൊലീസ് ഓഫിസ്, യാത്രക്കാര്‍ക്കുള്ള വിശ്രമമുറികള്‍, കുടിവെള്ള സംവിധാനങ്ങള്‍, പാര്‍സല്‍ ബുക്കിങ് ഓഫിസ്, കാന്‍റീന്‍, ശൗചാലയം തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെ സ്റ്റേഷന്‍െറ മധ്യഭാഗത്ത് 80മീറ്റര്‍ നീളത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പാലത്തിന്‍െറ അപ്രോച്ച് റോഡിന് തടസ്സമായിരുന്നു വൈദ്യുതി ട്രാന്‍സ്ഫോമറും കെ.എസ്.ഇ.ബി വ്യാഴാഴ്ച മാറ്റി സ്ഥാപിച്ചു. റെയില്‍വേ വക സ്ഥലത്തേക്കാണ് മാറ്റിവെച്ചത്. ഇനി വൈദ്യുതി തൂണുകളും ലൈനുകളും പുന$സ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് 14ന് ഉച്ചക്ക് രണ്ടിന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ യോഗം ചേരും. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫാത്തിമാപുരം, വാഴൂര്‍ റോഡ്, ആനന്ദാശ്രമം റോഡ് എന്നിവിടങ്ങളിലെ മേല്‍പാലങ്ങളും റെയില്‍വേ സ്റ്റേഷന്‍െറ പുതിയ കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളും എം.പി സന്ദര്‍ശിക്കും. വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വാഴൂര്‍ റോഡിലെ മേല്‍പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന വാട്ടര്‍ അതോറിറ്റി പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കും. ഫാത്തിമാപുരം മേല്‍പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ നിര്‍മാണ പുരോഗതിയും ബന്ധപ്പെട്ട ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.