ആദ്യദിനം തന്നെ സജീവമായി ജില്ലാ പൊലീസ് മേധാവി

കോട്ടയം: ജില്ലാ പൊലീസ് ചീഫായി എസ്. സതീഷ് ബിനോ ചുമതലയേറ്റു. 2008 ഐ.പി.എസ് ബാച്ചുകാരനായ സതീഷ് വ്യാഴാഴ്ച രാത്രി 6.30നാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയത്. കോട്ടയം ഡിവൈ.എസ്.പി വി. അജിത്തിന്‍െറ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റു. ഓപറേഷന്‍ ഗുരുകുലം പദ്ധതി ശക്തമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് സ്ഥാനമേറ്റശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെക്കുറിച്ച് മുന്‍ ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാകും മുന്നോട്ട് പോകുകയെന്നും അദ്ദേഹം പറഞ്ഞു. ഓഫിസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി കോട്ടയം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി. കൃഷ്ണകുമാര്‍ പൂച്ചെണ്ട് സമ്മാനിച്ചു. തുടര്‍ന്ന് ജില്ലയിലെ സബ് ഡിവിഷനല്‍ ഡിവൈ.എസ്.പിമാര്‍, സ്പെഷല്‍ യൂനിറ്റ് ഡിവൈ.എസ്.പിമാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയിലെ ക്രമസമാധന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സതീഷ്കുമാര്‍, സെക്രട്ടറി ടി.എസ്. സുരേഷ് ബാബു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. നൗഷാദ്, ഉണ്ണികൃഷ്ണന്‍ എന്നിവരും സ്വീകരണത്തിനത്തെിയിരുന്നു. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം കോട്ടയത്തേക്ക് എത്തുന്നത്. എറണാകുളം റൂറല്‍ എസ്.പി, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്‍റ് എന്നീ സ്ഥാനങ്ങള്‍ നേരത്തേ വഹിച്ചിരുന്നു. നാഗര്‍ കോവില്‍ സ്വദേശിയായ ബിനോ ആദ്യരണ്ടുവര്‍ഷം മധ്യപ്രദേശ് കേഡറിലായിരുന്നു. വിവാഹത്തിനുശേഷമാണ് കേരള സര്‍വിസിലത്തെുന്നത്. കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥനായിരുന്നു ബിനോയുടെ പിതാവ്. അതിനാല്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായായിരുന്നു പഠനം. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്നാണ് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയത്. എം.ബി.എയും നേടിയിട്ടുള്ള സതീഷ് ഇപ്പോള്‍ എക്കണോമിക്സില്‍ ഗവേഷണവും നടത്തുന്നുണ്ട്.തിരുവനന്തപുരം പൊലീസ് ട്രെയ്നിങ് കോളജ് മേധാവി അജിത ബീഗം സുല്‍ത്താനയാണ് ഭാര്യ. ഇവരെ വയനാട്ടില്‍നിന്ന് മാറ്റിയത് വിവാദവുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.