പുതുവൈപ്പ് തീരത്ത് അത്യപൂര്‍വയിനം കടല്‍ കാക്കകള്‍

ഗാന്ധിനഗര്‍ (കോട്ടയം): എറണാകുളം പുതുവൈപ്പ് തീരത്ത് അത്യപൂര്‍വയിനം കടല്‍ കാക്കകളെ കണ്ടത്തെി. ആര്‍ട്ടിക് പ്രദേശത്ത് പ്രജനനം നടത്തുകയും ഇറാനിലും ബഹ്റൈനിലും അപൂര്‍വമായി മഞ്ഞുകാലം ചെലവഴിക്കുകയും ചെയ്യുന്ന ടൈമിര്‍ഗള്‍ എന്ന കടല്‍ കാക്കയെയാണ് കണ്ടത്തെിയത്. കഴിഞ്ഞ ജനുവരി 22ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ ഇംഗ്ളീഷ് അധ്യാപകനും പക്ഷി നിരീക്ഷകനുമായ ഡോ. പി.ജെ. ജോര്‍ജ്, വൈല്‍ഡ്ലൈഫ് വീഡിയോഗ്രാഫര്‍ ഷാജഹാന്‍ എന്നിവരാണ് ഈ അപൂര്‍വ കാക്കകളെ കാമറയിലാക്കിയത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ രണ്ടാമതുമാണ് ഇതിനെ കണ്ടത്തെുന്നത്. നൂറുകണക്കിന് മറ്റ് വലിയ കടല്‍ കാക്കകളോടൊപ്പം കണ്ടത്തെിയ ഇവയുടെ ചിത്രങ്ങള്‍ രാജ്യത്തെ പ്രമുഖ പക്ഷി ശാസ്ത്രജ്ഞരായ പ്രവീണ്‍ ജയദേവന്‍, പ്രസാദ്ഗാന്‍ പൂലെ എന്നിവരുടെ വിശദപരിശോധനക്ക് നല്‍കി. വിദഗ്ധ അഭിപ്രായത്തിനായി യൂറോപ്പിലെ പക്ഷി ശാസ്ത്രജ്ഞന്‍ കളോസ്ഓള്‍സന് അയച്ചുകൊടുക്കുകയായിരുന്നു. കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് കിട്ടിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി ഇവ ടൈമിര്‍ഗള്‍ ആണെന്ന് ഓള്‍സന്‍ ഉറപ്പുവരുത്തി. വെള്ളത്തലയുള്ള വലിയ കടല്‍ കാക്കകളില്‍ നേരിയ വരകളുള്ള തലയും ഇളം മഞ്ഞക്കാലുകളും ഇളം ചാരനിറമാര്‍ന്ന പുറവുമുള്ള ടൈമിര്‍ഗള്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ ആദ്യമായാണ് എത്തുന്നതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് സീനിയര്‍ റെസിഡന്‍റ്സ് പക്ഷി നിരീക്ഷകന്‍ ഡോ. പി.എസ്. ജിനീഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.