കാമുകിയെ നടുറോഡില്‍ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം

തൊടുപുഴ: കൂടെ താമസിക്കാന്‍ വിസമ്മതിച്ച കാമുകിയെ നടുറോഡില്‍ കഴുത്തറുത്തും കുത്തിയും കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവ്. വണ്ടന്‍മേട് ലോവര്‍ ക്യാമ്പ് മേനകാരന്‍ തെരുവിലെ മണികണ്ഠനെയാണ് (29) തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി. മാധവന്‍ ശിക്ഷിച്ചത്. തമിഴ്നാട് തേനി ലോവര്‍ക്യാമ്പ് സ്വദേശി കണ്ണന്‍െറ ഭാര്യ അന്നലക്ഷ്മിയാണ് (30) 2014 ഏപ്രില്‍ 21ന് കുമളി ബസ്സ്റ്റാന്‍ഡിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. അന്നലക്ഷ്മിക്ക് രണ്ടു മക്കളുണ്ട്. ഇരുവരും വിവാഹത്തിന് മുമ്പ് തന്നെ പ്രണയത്തിലായിരുന്നു. വിവാഹശേഷവും ഇവര്‍ അടുപ്പം തുടര്‍ന്നു. ഇടക്കാലത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ച അന്നലക്ഷ്മി രണ്ടു കുട്ടികളുമായി തമിഴ്നാട്ടിലെ രാമനാഥപുരത്ത് മണികണ്ഠനൊപ്പം താമസിച്ചിരുന്നു. ഇതിന്‍െറ അപമാനം സഹിക്കാനാകാതെ അന്നലക്ഷ്മിയുടെ സഹോദരന്‍ ആത്മഹത്യ ചെയ്തു. ഇതോടെ വീട്ടുകാര്‍ ഇടപെട്ട് അന്നലക്ഷ്മിയെ തിരിച്ചുകൊണ്ടുവന്ന് ഭര്‍ത്താവിനൊപ്പമാക്കി. പിന്നീടും നിരന്തരം ഫോണില്‍ വിളിച്ച് മണികണ്ഠന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്‍െറ കൂടെ താമസിക്കണമെന്ന് അന്നലക്ഷ്മിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്നലക്ഷ്മി ഇതിന് വഴങ്ങിയില്ല. സംഭവദിവസം രാവിലെ എട്ടിന് അമ്മ കറുപ്പായിയോടൊപ്പം കുമളി ചെക്പോസ്റ്റിന് സമീപം ബസില്‍ വന്നിറങ്ങിയ അന്നലക്ഷ്മിയോട് അവിടെ കാത്തുനിന്ന പ്രതി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. തന്നെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നടന്നുനീങ്ങിയ അന്നലക്ഷ്മിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച മണികണ്ഠന്‍ എളിയില്‍ കരുതിയ കഠാരയെടുത്ത് കഴുത്തറുത്തു. നിലത്തുവീണപ്പോള്‍ നെഞ്ചിലും വയറ്റിലുമായി നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് അന്നലക്ഷ്മിയോട് കടുത്ത വിരോധവും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പകല്‍ വെളിച്ചത്തില്‍ പൊതുസ്ഥലത്ത് നടന്ന കൊലപാതത്തില്‍ പ്രതി ദയ അര്‍ഹിക്കുന്നില്ളെന്ന വാദവും സ്വീകരിക്കപ്പെട്ടു. കുമളി സി.ഐ എസ്. ആസാദാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍, എച്ച്. കൃഷ്ണകുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.