കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ (സ്കറിയ തോമസ്) കൂട്ടരാജി. കാര്യക്ഷമമായി ഇടപെട്ട് എല്‍.ഡി.എഫില്‍നിന്ന് സീറ്റുകള്‍ വാങ്ങിയെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ളെന്ന് ആരോപിച്ച് മുന്‍ കടുത്തുരുത്തി എം.എല്‍.എയും സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറിയുമായ സ്റ്റീഫന്‍ ജോര്‍ജിന്‍െറ നേതൃത്വത്തിലൊരു വിഭാഗമാണ് പാര്‍ട്ടി വിട്ടത്. എല്‍.ഡി.എഫുമായി സഹകരിക്കുന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍, പിള്ള വിഭാഗങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കിയിട്ടും കേരള കോണ്‍ഗ്രസിന് ലഭിച്ചില്ളെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് സീറ്റ് വാങ്ങിയെടുക്കാന്‍ താല്‍പര്യമില്ല. സീറ്റ് ചര്‍ച്ചകളില്‍ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ പോലും പാര്‍ട്ടി ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. പി.സി. ജോര്‍ജ് അടക്കമുള്ളവര്‍ സി.പി.എം ഓഫിസിലത്തെി ചര്‍ച്ചകള്‍ നടത്തിയാണ് സീറ്റുകള്‍ നേടിയത്. പാര്‍ട്ടി ചെയര്‍മാന്‍ സ്കറിയ തോമസിന് ഇതിനൊന്നും താല്‍പര്യമില്ല. ഇതോടെ സാധാരണ പ്രവര്‍ത്തകരുടെ അവസരമാണ് നഷ്ടപ്പെട്ടത്. ഇതില്‍ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും അമര്‍ഷത്തിലാണ്. ഇവരുടെ വേദനകൂടി തിരിച്ചറിഞ്ഞാണ് രാജി തീരുമാനം. ഭാവി കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഒപ്പം നില്‍ക്കുന്നവരുടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്താവും തുടര്‍ തീരുമാനം കൈക്കൊള്ളുക. മാണിവിഭാഗത്തിനൊപ്പം ചേരാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ശരിയല്ല. പുതിയ പാര്‍ട്ടി രൂപവത്കരിക്കാമോ എവിടെയെങ്കിലും ലയിക്കണമോയെന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കുമെന്ന് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. രാജിവെച്ചതായി സംസ്ഥാന വൈസ് ചെയര്‍മാന്മാരായ റോയി വാരിക്കാട്, പി.എ. അലക്സാണ്ടര്‍ പകലോമറ്റം, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റെജി പുത്തയത്ത്, എ.എ. എബ്രഹാം ആലുംമൂട്ടില്‍, റോണി മാത്യു മൂര്‍ക്കാട്ടില്‍ എന്നിവരും അറിയിച്ചു. കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റീഫന്‍ ജോര്‍ജ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പി.സി. തോമസിനൊപ്പം ചേരുകയായിരുന്നു. ഇതില്‍ പിളര്‍പ്പുണ്ടായപ്പോള്‍ സ്കറിയ തോമസിനൊപ്പം നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.