ഉറക്കമില്ലാതെ ചര്‍ച്ച; പ്രതീക്ഷ കൈവിടാതെ സീറ്റ് മോഹികള്‍

കോട്ടയം: ഉറക്കമില്ലാതെ ചര്‍ച്ച; പത്രിക സമര്‍പ്പണസമയം അവസാനിക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ സീറ്റ് മോഹികള്‍. കോട്ടയം ഡി.സി.സി ഓഫിസില്‍ ചൊവ്വാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെവരെ തുടര്‍ന്നു. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി ഉറക്കമിളച്ചാണ് ജില്ലയിലെ വിവിധയിടങ്ങളില്‍നിന്നത്തെിയവരുമായി അവസാനവട്ട ചര്‍ച്ച നടത്തിയത്. എ ഗ്രൂപ്പിന്‍െറ നിയന്ത്രണത്തിലുള്ള ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, ജോസഫ് വാഴക്കന്‍ എന്നിവരോട് അടുത്ത ബന്ധമുള്ളവരാണ് ചര്‍ച്ചയുടെ അവസാനറൗണ്ടിലത്തെിയവര്‍. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ വിശ്വസ്തനാണെങ്കിലും സീറ്റ് ചര്‍ച്ചയില്‍ എ വിഭാഗത്തിനാണ് മുന്‍തൂക്കം കിട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളായി അറിയപ്പെടുന്ന പുതുപ്പള്ളി ഡിവിഷനില്‍നിന്നുള്ള അംഗമായിരുന്ന ഫില്‍സണ്‍ മാത്യൂസ് അവസാന റൗണ്ട് വരെ സീറ്റിന് പിടിച്ചെങ്കിലും ഫലമുണ്ടായില്ല. എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന ഫില്‍സണിന്‍െറ പുറത്താകലിന് കാരണമായത്. പാമ്പാടി ഡിവിഷന്‍ അംഗവും പട്ടികജാതി വിഭാഗ നേതാവുമായ എന്‍.ജെ. പ്രസാദിനെ ഗ്രാമപഞ്ചായത്തില്‍ സീറ്റ് നല്‍കി സമാധാനപ്പെടുത്തി. അനുരഞ്ജനം ഉണ്ടാകാത്തിടങ്ങളില്‍ സീറ്റ് മോഹികള്‍ക്കെല്ലാം നാമനിര്‍ദേശപത്രിക നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന 17നകം തീരുമാനമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണിത്.കേരള കോണ്‍ഗ്രസ് -എം നേരത്തേ തന്നെ ജില്ലാ പഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. സീറ്റ് മോഹികളില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് നേതാക്കള്‍ കുറച്ചുദിവസമായി അനുഭവിച്ചത്. പി.ജെ. ജോസഫിനൊപ്പം മുമ്പുണ്ടായിരുന്നവരും കെ.എം. മാണിയുടെ അനുയായികളുമെന്ന രണ്ടു വിഭാഗത്തിലാണ് കേരള കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം നടത്തിയത്. ജോസ് കെ. മാണിയാണ് കാര്യങ്ങളില്‍ ഇടപെട്ടതെങ്കിലും നിര്‍ണായക തീരുമാനം കെ.എം. മാണിയുടേത് തന്നെയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ ഏറ്റുമാനൂര്‍ ഡിവിഷന്‍ അംഗമായിരുന്ന ജോസ്മോന്‍ മുണ്ടക്കലിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഗ്രൂപ് പോരാണെന്ന് ആരോപണം ഉയര്‍ന്നു. തൃക്കൊടിത്താനം ഡിവിഷനുവേണ്ടി ജോസഫ് വിഭാഗക്കാരായ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജെ. ലാലിയും വിനുജോബും തമ്മിലുള്ള വടംവലിയില്‍ വി.ജെ. ലാലിക്കാണ് സീറ്റ് കിട്ടിയത്. ഇതേച്ചൊല്ലി ജോസഫ് വിഭാഗത്തോട് പ്രതിഷേധിച്ച് വിനുജോബ് പി.സി. തോമസിന്‍െറ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണമുണ്ട്. എല്‍.ഡി.എഫ് ഒന്നാംഘട്ടമായി അപൂര്‍ണമായ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടത്. ഘടകകക്ഷികളുടെയടക്കമുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലുണ്ടായ പ്രതിസിന്ധി പത്രിക സമര്‍പ്പണത്തിനുള്ള അവസാനദിനത്തില്‍ പരിഹരിക്കാനായതിന്‍െറ ആശ്വാസത്തിലാണ് എല്‍.ഡി.എഫ്. വിജയിക്കുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലാത്ത ബി.ജെ.പി മുന്നണിക്കും തര്‍ക്കങ്ങളെ തുടര്‍ന്ന് നിശ്ചിതസമയത്ത് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.