കഴിഞ്ഞതവണ പ്രചാരണം യു.ഡി.എഫിന്; ഇത്തവണ എല്‍.ഡി.എഫിന്

കോട്ടയം: കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി പ്രചാരണം നടത്തിയ നേതാക്കള്‍ ഇപ്രാവശ്യം ഇടതുപക്ഷത്തിന് പ്രചാരണം നടത്തും. പി.സി. ജോര്‍ജ്, ആര്‍. ബാലകൃഷ് ണപിള്ള, കെ,ബി. ഗണേഷ് കുമാര്‍, സ്കറിയ തോമസ് തുടങ്ങിയ തലമുതിര്‍ന്നവരും പ്രശസ്തരുമായ നേതാക്കള്‍ ഇത്തവണ എല്‍.ഡി.എഫിന്‍െറ പ്രചാരണത്തിനായി സംസ്ഥാനത്ത് ഓടിനടക്കും. കേരള കോണ്‍ഗ്രസ്-സെക്കുലര്‍, കേരള കോണ്‍ഗ്രസ്-ബി, സി.എം.പി വിഭാഗങ്ങള്‍ എല്‍.ഡി.എഫുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതോടെയാണ് പുതിയ പ്രതിച്ഛായയുമായി ഇടത് ചേരിയുടെ രംഗപ്രവേശം. ഇടതിനൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ സ്കറിയ തോമസ് വിഭാഗം എല്‍.ഡി.എഫില്‍ നിലനില്‍ക്കുകയും പാര്‍ട്ടി നേതാവായ പി.സി. തോമസ് ബി.ജെ.പി മുന്നണിയിലാവുകയും ചെയ്തു. കെ.എം. മാണിയുമായി തെറ്റിപ്പിരിഞ്ഞാണ് പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസ്-സെക്കുലറുമായി ഇടത് ചേരിയിലത്തെിയത്. ആര്‍. ബാലകൃഷ്ണപിള്ള ഉമ്മന്‍ ചാണ്ടിയുമായി തെറ്റിയാണ് മകന്‍ ഗണേഷുമൊത്ത് കേരള കോണ്‍ഗ്രസ് ബി ഇടതിനൊപ്പമത്തെിയത്. എം.വി. രാഘവന്‍െറ അവസാനനാളുകളില്‍ പിളര്‍ന്ന സി.എം.പിയിലെ ഒരു വിഭാഗവുമായി കെ.ആര്‍. അരവിന്ദാക്ഷനും എല്‍.ഡി.എഫിനൊപ്പമത്തെി. കേരള കോണ്‍ഗ്രസ് സെക്കുലറിന് രണ്ട് സീറ്റാണ് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് നല്‍കിയത്. പൂഞ്ഞാര്‍ ഡിവിഷനില്‍ ലിസി സെബാസ്റ്റ്യന്‍ കളപ്പുരക്കലും കാഞ്ഞിരപ്പള്ളിയില്‍ ആന്‍റണി മാര്‍ട്ടിനും സ്ഥാനാര്‍ഥികളാകും. ഈരാറ്റുപേട്ട ബ്ളോക്കില്‍ അഞ്ചു ഡിവിഷനുകളിലും ളാലം ബ്ളോക്കില്‍ രണ്ടു ഡിവിഷനുകളിലും സെക്കുലര്‍ മത്സരിക്കും. പഞ്ചായത്തുകളില്‍ പൂഞ്ഞാര്‍ തെക്കേക്കര-ആറ്, പൂഞ്ഞാര്‍-അഞ്ച്, തിടനാട്-എട്ട്, തീക്കോയി-അഞ്ച്, തലപ്പലം-രണ്ട്, മൂന്നിലവ്-നാല്, കടനാട്-രണ്ട്, ഭരണങ്ങാനം-രണ്ട്, രാമപുരം-ഒന്ന് എന്നിങ്ങനെ സീറ്റുകള്‍ ലഭിച്ചു. മേലുകാവ്, തിടനാട് പഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭയിലും ഇടത് മുന്നണിയില്‍ സീറ്റുണ്ടായേക്കും. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍ നഗരസഭകളിലും കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, മാടപ്പള്ളി ബ്ളോക്കുകളിലും ഇടതുമുന്നണിയുടെ ഭാഗമായി സ്ഥാനാര്‍ഥികളുണ്ടാകും. 10 പഞ്ചായത്തുകളില്‍ ഓരോ സീറ്റുവീതം സ്കറിയ തോമസ് വിഭാഗത്തിന് ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിലായിരുന്നപ്പോള്‍ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ കേരള കോണ്‍ഗ്രസ്-പിള്ള വിഭാഗത്തിന് ഒരു സീറ്റാണ് ലഭിച്ചത്. ഇത്തവണ എല്‍.ഡി.എഫില്‍ രണ്ടു സീറ്റില്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ്-ബി മത്സരിക്കുക. കാഞ്ഞിരപ്പള്ളി 19ാം വാര്‍ഡില്‍ (അഞ്ചിലിപ്പ) നിലവിലുള്ള മെംബറും ജില്ലാ പ്രസിഡന്‍റുമായ അപ്പച്ചന്‍ വെട്ടിത്താനത്തിന്‍െറ ഭാര്യ റോസമ്മ ചാക്കോ സ്ഥാനാര്‍ഥിയാകും. സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം കുമരകം, തയോലപ്പറമ്പ്, മാടപ്പള്ളി പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളിലും പൂഞ്ഞാര്‍ ബ്ളോക്കില്‍ ഒരു സീറ്റിലും ഈരാറ്റുപേട്ട നഗരസഭയില്‍ രണ്ട്, ഏറ്റുമാനൂര്‍ നഗരസഭയില്‍ ഒരു സീറ്റിലും മത്സരിക്കും. ചങ്ങനാശേരി, കോട്ടയം നഗരസഭകളില്‍ ഒരോ സീറ്റുകളിലും സി.എം.പി മത്സരിച്ചേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.