പാലാ: മീനച്ചിലാറിന് കുറുകെ അരുണാപുരം സെന്‍റ് തോമസ് കോളജ് കടവില്‍ മിനിഡാമും പാലവും നിര്‍മിക്കുന്നതിന് 11.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തതായി കെ.എം. മാണി എം.എല്‍.എ അറിയിച്ചു. പാലാ നഗരസഭയിലെ അരുണാപുരവും മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. പാലാ മുനിസിപ്പാലിറ്റിയിലെയും സമീപപഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടത്തെുന്നതിന് വിഭാവനം ചെയ്തിട്ടുള്ളതാണ് പദ്ധതി. ഓരോ വര്‍ഷവും ഡിസംബറോടെ വെള്ളം ഒഴുകിത്തീര്‍ന്ന് വറ്റിവരണ്ട മീനച്ചിലാറിനെ നീരണിയിക്കാനാണ് മിനി ഡാം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് കെ.എം. മാണി പറഞ്ഞു. അരുണാപുരം മുതല്‍ നാല് കി.മീ. ദൂരത്തില്‍ മുകളിലേക്ക് വേനല്‍ക്കാലത്ത് ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കും വിധമാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. തറപ്പേല്‍ക്കടവ് മുതല്‍ അരുണാപുരം വരെ മീനച്ചിലാറിലേക്ക് എത്തിച്ചേരുന്ന തോടുകളിലും അരുവികളിലും വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പുവരുന്നതോടെ സമീപപ്രദേശത്തെ കിണറുകളും ജലസമൃദ്ധമാകും. വേനല്‍ക്കാലത്ത് പ്രവര്‍ത്തനരഹിതമാകുന്ന പല ജലവിതരണ പദ്ധതികളും ഇതോടെ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയും. ഷട്ടറുകള്‍ സ്ഥാപിച്ച് വര്‍ഷകാലത്ത് തുറന്നുവിടാന്‍ കഴിയുംവിധമാണ് മിനി ഡാം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇരുകരയെയും ബന്ധിപ്പിച്ച് ഒരു പാലംകൂടി യാഥാര്‍ഥ്യമാകുന്നതോടെ പുതിയൊരു യാത്രാമാര്‍ഗമാണ് തുറന്നുകിട്ടുന്നത്. വെള്ളിയേപ്പള്ളി-പന്തത്തല തുടങ്ങിയ പ്രദേശത്തുള്ളവരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പാലം നിര്‍മിക്കുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. ഈ പ്രദേശത്തുള്ളവര്‍ക്ക് പാലായില്‍ എത്തുന്നതിന് മൂന്ന് കി.മീ. ലാഭമാണുണ്ടാകുന്നത്. പാലത്തിന് 75 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമാണ് ഉണ്ടാവുക. നിലവില്‍ അപ്രോച്ച് റോഡ് ഇരുകരകളിലുമുള്ളതിനാല്‍ റോഡിന് തടസ്സമുണ്ടാകുന്നില്ല. പദ്ധതി നിര്‍മാണം ഈ വേനല്‍ക്കാലത്തുതന്നെ ആരംഭിക്കുന്നതിനുവേണ്ട നടപടി അടിയന്തരമായി സ്വീകരിക്കാന്‍ കെ.എം. മാണി എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. ജോസ് കെ. മാണി എം.പി, കലക്ടര്‍ യു.വി. ജോസ്, ആര്‍.ഡി.ഒ പി.കെ. പ്രകാശന്‍, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.