പരവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് പരവൂർ നഗരസഭ നിർമിച്ച സ്നേഹതീരവും ശാന്തിതീരവും ഉദ്ഘാടനത്തിലൊതുങ്ങി. വൃദ്ധജനങ്ങളുടെ പകൽസമയ സംരക്ഷണത്തിനായി കൂനയിൽ അഞ്ചാം വാർഡിൽ കൊച്ചാലുംമൂടിന് സമീപം സ്നേഹതീരമെന്ന പേരിൽ 35 ലക്ഷം ചെലവഴിച്ചാണ് പകൽവീട് പണികഴിപ്പിച്ചത്. കൂനയിൽ പേരാൽ വാർഡിൽ മൂലവട്ടത്താണ് ശാന്തിതീരമെന്ന പേരിൽ ഗ്യാസ് ക്രിമറ്റോറിയം നിർമിച്ചത്. രണ്ടിെൻറയും ഉദ്ഘാടനം 2015 ആഗസ്റ്റ് ആറിന് ഉത്സവാന്തരീക്ഷത്തിൽ അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി മഞ്ഞളാംകുഴി അലി നിർവഹിച്ചു. എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും ഒരു ദിവസം പോലും രണ്ടും പ്രവർത്തിച്ചിട്ടില്ല. കെട്ടിടത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ് ഏറെനാളുകൾക്കുശേഷമാണ് വൃദ്ധസദനമായ പകൽവീട്ടിലേക്കുള്ള ഫർണിച്ചറും മറ്റും വാങ്ങാൻ നടപടിയെടുത്തത്. നിലവിൽ ഇവിടേക്കാവശ്യമായ ഫർണിച്ചറും വൃദ്ധജന പരിചരണത്തിനാവശ്യമായ മറ്റ് ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രായമായവർക്ക് ഇരിക്കാനും കിടക്കാനും ആഹാരം കഴിക്കാനും സൗകര്യമുള്ള ഇവിടെ അവർക്ക് വായിക്കാനാവശ്യമായ ദിനപത്രങ്ങളും ആനുകാലികങ്ങളുമെല്ലാം നൽകുമെന്നാണ് വിവരം. ഇതിനെല്ലാമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവിടേക്ക് വരാൻ ആരും തയാറാകുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പകൽവീടിെൻറ പറമ്പ് കാടുകയറി നശിക്കുകയാണ്. ഇൻറർലോക്ക് ടൈലുകൾ പാകിയ ഭാഗങ്ങളിലടക്കം കുറ്റിക്കാട് വളർന്നിരിക്കുകയാണ്. ഇത് യഥാസമയം നീക്കാനുള്ള നടപടി എടുത്തിട്ടില്ല. എന്നാൽ, രണ്ടുവർഷമായി ആരും എത്താത്തതുമൂലം ഒരു ദിവസം പോലും പ്രവർത്തിക്കാത്ത പകൽവീടിന് രണ്ടാംനില നിർമിക്കാൻ പുതിയ ബജറ്റിൽ വീണ്ടും 35 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ശാന്തിതീരമെന്ന് പേരിട്ട് നിർമിച്ച ഗ്യാസ് ക്രിമറ്റോറിയത്തിെൻറ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്നേവരെ ഒരു മൃതദേഹം പോലും ഇവിടെയെത്തിച്ചിട്ടില്ല. കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാനാവശ്യമായ ഉപകരണങ്ങളുടെ അഭാവമാണ് പ്രവർത്തനം മുടങ്ങാൻ കാരണമായത്. യന്ത്രത്തിനാവശ്യമായ ഒരു ബർണർ എത്താത്തതാണ് കാരണമെന്നാണ് അധികൃതർ ഏറെക്കാലം നൽകിയ വിശദീകരണം. ഇത് കേരളത്തിലില്ലെന്നും മറ്റൊരു സംസ്ഥാനത്തുനിന്ന് വരണമെന്നും വിശദീകരണമുണ്ടായി. ഇപ്പോൾ ഇതടക്കം എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാനാവശ്യമായ വിദഗ്ധതൊഴിലാളിയുടെ അഭാവമുണ്ടത്രെ. ആറ്റിങ്ങലിലുള്ള ഒരാളെയാണ് ഇതിനായി കണ്ടെത്തിയത്. ആവശ്യം വരുമ്പോൾ വിവരമറിയിക്കണം. ഈ വ്യക്തിക്ക് അസൗകര്യമുണ്ടെങ്കിൽ മറ്റു വഴിയില്ലാത്ത അവസ്ഥയാണ്. ക്രിമറ്റോറിയത്തിെൻറ പുകക്കുഴലടക്കം തുരുമ്പു പിടിച്ച് നശിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിെൻറ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.