കുരീപ്പുഴയിൽ തീപിടിച്ചുനശിച്ച മത്സ്യബന്ധന ബോട്ടുകളിലെ തീയണച്ചശേഷം കായലിൽ
ബാക്കിയായ അവശിഷ്ടങ്ങൾ
അഞ്ചാലുംമൂട്: രാത്രിയിൽ ഉയർന്നുകേട്ട ശബ്ദത്തിന് കാതോർത്ത ഡാലിയ എന്ന വീട്ടമ്മയുടെ ജാഗ്രതയിൽ ഒഴിഞ്ഞുപോയത് വൻ ദുരന്തം. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോയിക്കൽ ക്ഷേത്രത്തിന് വടക്കായി ചിറ്റപ്പനെഴികത്ത് കായലോരത്ത് നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾ പുലർകാലത്ത് തീപടർന്ന് പിടിച്ചത് വൻ നാശനഷ്ടത്തിനാണ് വഴിവെച്ചത്.
എന്നാൽ, ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഉയരാതിരുന്നത് ഞായറാഴ്ച പുലർച്ചെ രണ്ടോടെ സമീപവീട്ടിലെ ഡാലിയ തീപിടിത്തം കണ്ടതാണ്. കൊച്ചുമോൾക്ക് പാൽ തിളപ്പിച്ചുനൽകാൻ രാത്രി ഒന്നരയോടെ എഴുന്നേറ്റ ഡാലിയ തിരിച്ചുകിടന്ന് മയങ്ങിത്തുടങ്ങിയപ്പോഴാണ് ശബ്ദം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ തീകത്തുന്നത് കണ്ടു. പുറത്തേക്ക് ഇറങ്ങി ബോട്ടിലേക്ക് ഓടിക്കയറാൻ നോക്കിയപ്പോൾ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തുടർന്ന്, സമീപവാസികൾ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒമ്പത് ബോട്ടുകൾ ആണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായത്. സമീപവാസിയായ റോബർട്ട് ബോട്ടിന്റെ പൂട്ടുകൾ തകർത്ത് കയറിയാണ് ഒമ്പത് ബോട്ടുകൾ സ്ഥലത്ത് നിന്ന് മാറ്റിയത്. അപ്പോഴേക്കും 11 ബോട്ടുകളും ഒരു ഫൈബർ വള്ളവും അഗ്നിക്ക് പൂർണമായും ഇരയായി. ചാമക്കടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾക്ക് സ്ഥലത്ത് എത്തിച്ചേരാനും പ്രയാസം നേരിട്ടു.
ചെറിയ എഫ്.ആർ.വി വാഹനങ്ങളും ഫ്ലോട്ടിങ് പമ്പുകളും ഉപയോഗിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കായംകുളത്ത് നിന്നും എത്തിയ നാൽപതോളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് തീയണക്കാൻ ശ്രമം നടത്തിയത്. രാവിലെ എട്ടോടെയാണ് പൂർണമായും അണക്കാനായത്. സമീപവീടുകളിലേക്ക് തീപടരാതിരുന്നതും രക്ഷയായി.
ആൻറണിയുടെ ഉടമസ്ഥതയിലുള്ള സെൻറ് മേരി, ലോറൻസിന്റെ ഉടമസ്ഥതയിലുള്ള ദേവദാനം, സെൽവരാജിന്റെ ഉടമസ്ഥതയിലുള്ള തുമ്പി മോൾ, സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സിയോ ബോത്ത്, വിൻസന്റിന്റെ ഉടമസ്ഥതയിലുള്ള പരിശുദ്ധൻ, ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഫെർണാണ്ടോ, ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഷെറിൻ ബസേലിക്ക, ആൻറണിയുടെ ഉടമസ്ഥതയിലുള്ള മദർ മേരി, ക്ലിന്റിന്റെ ഉടമസ്ഥതയിലുള്ള ജോർദാൻ, സജീവിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയൻ, മുത്തപ്പന്റെ ഉടമസ്ഥതയിലുള്ള ഫിഷർമാൻ എന്നീ ബോട്ടുകളാണ് കത്തി നശിച്ചത്.
ബോട്ടും മറ്റ് സാമഗ്രികളുമായി 70 ലക്ഷം രൂപയോളം നാശനഷ്ടം ഒരാൾക്ക് തന്നെ ഉണ്ടായിട്ടുണ്ട്. ബോട്ടുകൾക്കൊപ്പം വലകളും കത്തി നശിച്ചതോടെ പലരുടെയും ജീവിതമാർഗം ഇല്ലാതായിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോട്ടുകൾ ഇവിടെ നങ്കൂരമിട്ടതിന് ശേഷം തൊഴിലാളികൾ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്വദേശങ്ങളിലേക്ക് പോയത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യമുയർത്തി. ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടത്തും. എ.സി.പി എസ്. ഷെരീഫ് അന്വേഷണത്തിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.