പരവൂർ: നഗരത്തിലെ ഒഴുക്ക് നിലച്ച ഓടകളിൽ മലിനജലം കെട്ടിനിന്ന് കൊതുകു പെരുകുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നു. പരവൂർ ജങ്ഷന് സമീപ പ്രദേശങ്ങളിലെ എല്ലാ ഓടകളും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന വേനൽ മഴയത്തു പോലും നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഓടകൾ നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പലയിടത്തും ഓടക്കുള്ളിൽ വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ കുടിവെള്ളവിതരണ പൈപ്പുകളാണ് ഒഴുക്ക് തടസ്സപ്പെടുത്തുന്നത്. തെക്കുംഭാഗം റോഡിൽ ജങ്ഷന് സമീപത്ത് രണ്ടിടത്താണ് ഓടക്കുള്ളിൽ വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. ചാത്തന്നൂർ റോഡിൽ മേൽപാലത്തിനും ദയാബ്ജി മുക്കിനും ഇടക്ക് ഓടക്കുള്ളിലൂടെ വലിയ കുടിവെള്ള വിതരണ പൈപ്പ് കടന്നുപോകുന്നു. ഇവിടങ്ങളിലെല്ലാം മാലിന്യം തടഞ്ഞു നിന്ന് ഒഴുക്ക് തടസ്സപ്പെടുകയാണ്. ഓടകളിൽ മൂടിയില്ലാത്ത എല്ലാ ഭാഗങ്ങളിലും വലിച്ചെറിയപ്പെടുന്ന മാലിന്യം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം വെള്ളം ഒഴുകാത്ത സ്ഥിതിയാണ്. തെക്കുംഭാഗം റോഡിൽ ജങ്ഷനിലെ ബസ്സ്റ്റോപ്പിനടുത്തും കോട്ടപ്പുറം വില്ലേജ് ഒാഫിസിന് തൊട്ടടുത്തുമാണ് ഓടയുടെ നടുക്കായി ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്നത്. പുതിയ പോസ്റ്റ് സ്ഥാപിക്കുന്നതിനുമുമ്പ് നിലനിന്നത് മുറിച്ചുമാറ്റിയതിെൻറ കുറ്റിയും അതിനോട് ചേർന്നുതന്നെയുണ്ട്. പോസ്റ്റ് നിലനിൽക്കവെയാണ് ഓടയുടെ നിർമാണം നടന്നത്. പോസ്റ്റ് അകത്തു നിർത്തിക്കൊണ്ട് നിർമാണം നടത്തുന്നതിനെക്കുറിച്ച് നാട്ടുകാർ ചോദിച്ചപ്പോൾ പോസ്റ്റ് പിന്നീട് മാറ്റുമെന്നായിരിന്നു മറുപടി. അതേസമയം ഓടക്കായി കുഴിച്ചപ്പോൾ തെളിഞ്ഞുവന്ന പഴയ പോസ്റ്റിെൻറ കുറ്റി നീക്കം ചെയ്യാൻ പോലും അന്ന് തയാറായില്ല. നഗരത്തിലെ ഓടകളിൽ മാലിന്യമൊഴുക്കുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്. വീടുകളിൽ നിന്നും ചില കച്ചവടസ്ഥാപനങ്ങളിൽ നിന്നും ഓടകളിലേക്ക് മലിനജലമൊഴുക്കുന്നുണ്ട്. പലയിടത്തും ഇത് വ്യക്തമായി കാണാൻ കഴിയുന്നതാണ്. ഓടയിൽ സ്ലാബിട്ടിട്ടുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ മലിനജലമൊഴുകിയെത്തുന്ന സ്ഥലങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇത് കണ്ടെത്താൻ ഓടകൾ തുറന്ന് പരിശോധന നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ഓടകൾ വൃത്തിയാക്കുന്ന അവസരങ്ങളിൽ പുറത്തേക്ക് കോരിയിടുന്ന മണ്ണും മാലിന്യങ്ങളും അവിടത്തന്നെ ഉപേക്ഷിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തെക്കുംഭാഗം റോഡിലെയും പൊഴിക്കര റോഡിലെയും ഓടകളിൽ ഈച്ചയുടെയും കൊതുകിെൻറയും ശല്യം രൂക്ഷമാണ്. മലിനജലത്തിനു പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഓടകളിലേക്ക് വലിച്ചെറിയുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.