ആർ.ഡി. അയ്യരും കുടുബവും
ഓച്ചിറ : ജീവിതാവസാനംവരെ കൃഷിയെയും മണ്ണിനെയും നെഞ്ചോട് ചേർത്ത ഡോ. ആർ.ഡി. അയ്യർക്ക് യാത്രാമൊഴി. കാസർകോട് സി.പി.സി.ആർ.ഐ സീനിയർ പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത അയ്യർ വിശ്രമ ജീവിതവും കൃഷിക്കായി തന്നെയായിരുന്നു മാറ്റിവെച്ചിരുന്നത്. തഴവയിൽ വെങ്കട്ടമ്പള്ളി മഠത്തിൽ ഭാര്യയും സയൻറിസ്റ്റിറ്റും ആയ ഡോ. രോഹിണി അയ്യരുമായി ചേർന്ന് നവശക്തി ട്രസ്റ്റ് രൂപവത്കരിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു.
തഴവ വെങ്കട്ടമ്പള്ളി മഠത്തിലെ ഏക്കർ കണക്കിന് ഭൂമിയിൽ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്ത് കർഷകരെ പഠിപ്പിച്ച അയ്യർ, നവശക്തി ട്രസ്റ്റിലൂടെ അത്യുൽപാദന ശേഷിയുള്ള വിത്തും ജൈവ വളങ്ങളും കർഷകർക്ക് ലഭ്യമാക്കിയിരുന്നു. നാടൻ പച്ചക്കറികൾ ഉൽപാദിപ്പിച്ച് വിൽപന നടത്താൻ പ്രത്യേക കൗണ്ടറും സ്ഥാപിച്ചിരുന്നു. കൃഷിഭവനുകളിലും കർഷക കൂട്ടായ്മയിലും സ്കൂളുകളിലും കൃഷിയെയും കൃഷി രീതികളേയും പറ്റി ക്ലാസ് എടുക്കുക അദ്ദേഹത്തിന് പ്രത്യേക താൽപര്യം ആയിരുന്നു. അദ്ദേഹത്തിന്‍റെ കൃഷി രീതികൾ കാണാൻ എത്തുന്ന എല്ലാവരേയും സ്വാഗതം ചെയ്ത് എല്ലാ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തി കൊടുക്കുന്നതായിരുന്നു രീതി.
ഡോ.എം.എസ്. സ്വാമിനാഥന്‍റെ ശിഷ്യനായിരുന്നു അയ്യർ. 1935 ൽ മധുരയിലെ തിരുമംഗലത്താണ് അദ്ദേഹം ജനിച്ചത്. ഡൽഹി യൂനിവേഴ്സിറ്റിയിൽ ആയിരുന്നു വിദ്യാഭ്യാസം. 1978 ൽ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധനത്തിന് ജവഹർലാൻ നെഹ്രു സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. ഡോ.എം.എസ്. സ്വാമിനാഥന്‍റെ ജീവചരിത്രം എഴുതി പ്രകാശിപ്പിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.