വെളിയം: കരീപ്ര പഞ്ചായത്തിലെ നെടുമൺകാവ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് ജലം പാഴാകുന്നത്. വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നതിനാൽ മിക്ക ഭാഗത്തെയും റോഡുകൾ തകർന്നു. വാക്കനാട്, ഇടയ്ക്കിടം, കടയ്ക്കോട്, മടന്തകോട്, നെടുമൺകാവ്, കരീപ്ര എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടൽ ഉണ്ടായത്. സ്വകാര്യവ്യക്തികൾ ടിപ്പർ ലോറികളിലെ ടാങ്കുകൾ വഴി എത്തിക്കുന്ന ജലം പണം കൊടുത്താണ് വാങ്ങുന്നത്. വേനൽക്കാലത്ത് ഉയർന്നപ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി പഞ്ചായത്തിന് കോടിക്കണക്കിന് രൂപ സർക്കാർ നൽകിയിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ നിർമാണം മുടങ്ങിയതോടെ കോടിക്കണക്കിന് രൂപ ലാപ്സായി പോകുന്നതായി ജനപ്രതിനിധികൾ ആരോപിച്ചു. വേനൽ സമയത്ത് കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്ന സൗകര്യം ഏർപ്പാട് ചെയ്യുന്നതിലും പഞ്ചായത്ത് പിറകോട്ടാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്താണ് കരീപ്ര. കെ.ഐ.പി കനാൽ വഴിയും അല്ലാതെയും ജലം പാടത്ത് എത്താത്തതിനാൽ കർഷകർക്ക് 10 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. നവീകരിക്കാത്ത ചിറകളിലെ മലിനജലം ശേഖരിച്ച് ചൂടാക്കി കുടിക്കേണ്ട ഗതികേടിലാണ് ജനം. ഇതു മൂലം പ്രദേശത്ത് മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നുണ്ട്. റോഡിലെ പൈപ്പ് പൊട്ടൽ നന്നാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. സമീപ പഞ്ചായത്തായ വെളിയത്തിെൻറ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി ഇതുവരെ ജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതിനെതിരെ ഓടനാവട്ടം പൗരസമിതി വെളിയം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. രണ്ട് മാസം മുമ്പുതന്നെ ജപ്പാൻ കുടിവെള്ള പദ്ധതി തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈലാ സലിംലാൽ പറെഞ്ഞങ്കിലും ഉണ്ടായില്ല. അടിയന്തരനടപടി സ്വീകരിക്കണമെന്ന് കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലസെക്രട്ടറി എം. തമീമുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എ. സത്താർ, ജെ. സുബൈർ, എസ്.എം. ഹസൻ, എം. മുഹമ്മദ് റഷീദ്, എസ്. ഫൈസി, എസ്. സാജിദ്, കുന്നിൽ നൗഷാദ്, അൽത്താഫ്, അജ്മൽ, ഷെമീർ എന്നിവർ സംസാരിച്ചു. കിഴക്കൻമേഖലയിൽ ക്ഷാമം രൂക്ഷം കൊട്ടാരക്കര: ചരിത്രത്തിൽ ഉണ്ടാകാത്ത വിധം ജലക്ഷാമത്തെ നേരിടുകയാണ് കിഴക്കൻമേഖല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആശ്വാസമായെങ്കിലും മഴ എത്തിയില്ലങ്കിൽ ദുരിതം ഏറും. ജില്ല ഭരണകൂടത്തിെൻറ നിയന്ത്രണത്തിൽ കുടിവെള്ളം എല്ലാ മേഖലയിലും എത്തിക്കുമെന്ന് അറിയിച്ചിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആയിട്ടില്ല. പൊതുകിണറുകൾ, കുളങ്ങൾ എന്നിവ ശുദ്ധീകരിക്കാൻ പഞ്ചായത്ത് അധികൃതർ മുൻകൈയെടുത്തിട്ടില്ല. തൊഴിലുറപ്പ് ജോലിയിലുൾപ്പെടുത്തി പണികൾ സുഗമമായി നടത്താമെങ്കിലും ബന്ധപ്പെട്ടവർക്ക് അനക്കമില്ല. കനാലുകൾ ചില മേഖലകളിൽ തുറന്നെങ്കിലും എല്ലായിടത്തും വെള്ളം എത്തിയിട്ടില്ല. മോട്ടോർ തകരാറും ടാങ്ക് പൊട്ടിയതുമൊക്കെ ചെറിയ തകരാർ ഉെണ്ടങ്കിലും പരിഹരിക്കാൻ മിനക്കെടാറില്ല. ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കോട്ടാത്തലയിലെ ജില്ല പഞ്ചായത്ത് കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഒരുങ്ങുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. കരിങ്കൽ ഖനന കുഴികളിലും പൊതുകുളങ്ങളിലും മറ്റുമായി ഏറെ ജലം കെട്ടിനിൽക്കുന്നു. നെടുവത്തൂർ, കരീപ്ര, കുളക്കട, പവിേത്രശ്വരം, എഴുകോൺ, ഉമ്മന്നൂർ, വെട്ടിക്കവല, മൈലം, വെളിയം പഞ്ചായത്തുകളിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങി. നഗരസഭ പരിധിയിൽ മിക്കയിടത്തും വലിയ വിലകൊടുത്താണ് ഇപ്പോൾ കുടിവെള്ളം വാങ്ങുന്നത്. 2000 ലിറ്ററിെൻറ ടാങ്കറുകളിൽ വീടുകളിൽ വെള്ളം എത്തിക്കുന്നതിന് 600 മുതൽ 1500 രൂപ വരെ സ്വകാര്യ വ്യക്തികൾ ഈടാക്കുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന കുടിവെള്ളത്തിെൻറ ഗുണമേന്മ പരിശോധിക്കാൻ പോലും സംവിധാനമില്ല. വെള്ളത്തിെൻറ പേരിൽ നടത്തുന്ന പകൽക്കൊള്ളക്ക് അറുതിയുണ്ടാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ശാപമോക്ഷമില്ലാെത കുളക്കട– പവിേത്രശ്വരം കുടിവെള്ള പദ്ധതി കൊട്ടാരക്കര: കത്തുന്ന വേനൽച്ചൂടിൽ നാടിെൻറ നാവ് വരളുമ്പോഴും നിർമാണം തുടങ്ങി എട്ട് വർഷമെത്തിയ കുളക്കട പവിേത്രശ്വരം കുടിവെള്ള പദ്ധതി കമീഷൻ ചെയ്യുന്നില്ല. കുളക്കട പഞ്ചായത്തിലെ തെങ്ങമാംപുഴ കടവിൽ കിണർ കുഴിച്ചാണ് പദ്ധതിക്കുള്ള ജലമെടുത്തത്. ഈ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറ് സ്ഥാപിച്ചതും ഇതേ പഞ്ചായത്തിലെ പെരുംകുളം വാർഡിലാണ്. കുളക്കട പഞ്ചായത്തിലെ 9800 വീടുകൾക്കും വെള്ളം ലഭ്യമാക്കുംവിധമായിരുന്നു പദ്ധതി തയാറാക്കിയത്. പ്ലാൻറിലെത്തുന്ന വെള്ളം ശുദ്ധീകരിച്ച ശേഷം പൈപ്പ് ലൈനിൽകൂടി പവിേത്രശ്വരം പൊരീക്കലിലെ വാട്ടർ ടാങ്കിൽ എത്തിച്ചു. ഇവിടെനിന്ന് പവിേത്രശ്വരം പഞ്ചായത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ഒന്നര വർഷം മുമ്പ് കഴിഞ്ഞു. കുണ്ടറ പദ്ധതിയുടെ ടാപ്പുകളിൽകൂടിയാണ് പവിേത്രശ്വരത്ത് ജലവിതരണം കൂടുതലും നടത്തിയത്. ഏറെ പ്രതിഷേധങ്ങളുണ്ടായപ്പോൾ കുളക്കട പഞ്ചായത്തിലെ 20 ടാപ്പുകളിൽ വെള്ളമെത്തിച്ചെങ്കിലും അധിക ദിവസം വെള്ളം കിട്ടിയില്ല. പദ്ധതിക്കായി 40 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകിയതിനൊപ്പം എട്ട് ലക്ഷം രൂപ ഡി.ഡിയായി വാട്ടർ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. രണ്ട് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിന് പൂർണ പരിഹാരം കാണാൻ ലക്ഷ്യമിട്ട് 2008ൽ ഓംബുഡ്സ്മാൻ ആയിരുന്ന ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായരുടെ ഉത്തരവ് പ്രകാരം തുടങ്ങിയതാണ് പദ്ധതി. കേന്ദ്ര സർക്കാർ ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലുൾപ്പെടുത്തി 13 കോടി രൂപയും കുളക്കട, പവിേത്രശ്വരം ഗ്രാമ പഞ്ചായത്തുകൾ പദ്ധതിവിഹിതത്തിൽനിന്ന് 20 ലക്ഷം രൂപ വീതവും നൽകിയ പദ്ധതിയാണ് കുടിെവള്ളക്ഷാമം രൂക്ഷമായിട്ടും നാടിന് വേണ്ട രീതിയിൽ പ്രയോജനമില്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.