ചവറ: ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള വെള്ളം നൽകാത്തതിനെ തുടർന്ന് ജലനിധി അധികൃതർ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫിസിലെത്തി. ചവറ പഞ്ചായത്തിലെ ജലനിധി നടത്തിപ്പുകാരാണ് പരാതിക്കാർ. മഴ ശക്തമായിട്ടും പമ്പിങ് കൃത്യമായി നടത്താത്തതുകാരണം മിക്ക ഭാഗങ്ങളിലും വെള്ളം എത്താത്ത സാഹചര്യമാണ്. പലതവണ ജല അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ഇടപ്പള്ളിക്കോട്ട അതോറിറ്റി ഓഫിസിലെത്തിയത്. എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിലില്ലാത്തതിനാൽ ഹെഡ് ക്ലർക്കിനെ പ്രതിഷേധക്കാർ ഉപരോധിച്ചു. തങ്ങൾക്ക് നൽകുന്നതിലും അധികം വെള്ളത്തിെൻറ തുകയാണ് ഈടാക്കുന്നതെന്ന് ജലനിധി അധികൃതർ കുറ്റപ്പെടുത്തി. സർക്കാർ വെള്ളക്കരത്തിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ചവറ പഞ്ചായത്തിലെ ഗുണഭോക്താക്കളിൽനിന്ന് അധിക തുകയാണ് ഈടാക്കുന്നത്. മൂന്നുവർഷത്തിനിടയിൽ 75 ലക്ഷത്തോളം രൂപ ജല അതോറിറ്റിക്ക് ചവറ ജലനിധി കമ്മിറ്റി അടച്ചിട്ടും കൃത്യമായി പമ്പിങ് നടത്താത്തത് കാരണം ഗുണഭോക്താക്കളിൽനിന്ന് വെള്ളക്കരം പിരിക്കാനാകാത്ത അവസ്ഥയാണെന്ന് അവർ പറഞ്ഞു. ഉദ്യോഗസ്ഥർ മുഖേന വിവരം അറിഞ്ഞ എക്സിക്യൂട്ടിവ് എൻജിനീയർ സമരക്കാരുമായി ടെലിഫോണിൽ ബന്ധപ്പെടുകയും തിങ്കളാഴ്ച മുതൽ ദിവസം 12 മണിക്കൂർ പമ്പിങ് നടത്താമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജലനിധി ചവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കൈരളി സോമൻ, സെക്രട്ടറി യശോദരൻ, സെബാസ്റ്റ്യൻ, സോമശേഖരപിള്ള, എം.എസ്. ഖാൻ, സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ജല അതോറിറ്റിയിൽ പ്രതിഷേധവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.