പത്തനാപുരം: പരിസ്ഥിതിക്കും ജനജീവിതത്തിനും ദോഷകരമാകുന്ന തരത്തിൽ മുടിയാവിളയിൽ പാറഖനനത്തിന് നീക്കം. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെതുകുംമേൽ മുടിയാവിളയിലെ നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയാണ് പാറഖനനത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള രണ്ട് ഏക്കർ റബർ തോട്ടം ഖനനത്തിനായി കൊട്ടാരക്കര സ്വദേശിയായ ക്വാറിയുടമ കരാർ എടുത്തിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ജനകീയപ്രക്ഷോഭത്തെ തുടർന്ന് പട്ടാഴി വടക്കേക്കര, പട്ടാഴി പഞ്ചായത്തുകളിലെ പാറക്വാറികളുടെ പ്രവർത്തനം നിർത്തിെവച്ചതാണ്. പുതുതായി ഖനനം നടത്താൻ ഉദേശിക്കുന്ന മേഖലക്ക് ചുറ്റും നിലവിൽ മൂന്ന് കോളനികളാണുള്ളത്. വെള്ളിഞ്ചമല കോളനി, പ്രിയദർശിനി കോളനി, വേടൻതുണ്ടിൽ കോളനി എന്നിവിടങ്ങളിലായി നൂറിലധികം കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇതിനുപുറമെ സമീപത്തായി രണ്ട് അംഗൻവാടികളും ഒരു നിലത്തെഴുത്ത് പള്ളിക്കൂടവും ഇളങ്ങമംഗലം സർക്കാർ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. നിരവധികുട്ടികൾ ആശ്രയിക്കുന്ന സെൻറ് കുറിയാക്കോസ് പള്ളി കൈപ്പള്ളിമല റോഡിനും ഇത് ഭീഷണിയാണ്. പാറഖനനവുമായി ബന്ധപ്പെട്ട് പട്ടാഴി വടക്ക് വില്ലേജ് ഓഫിസിൽനിന്നും റവന്യൂ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പാറ ക്വാറി പ്രവർത്തനം തുടങ്ങുന്നതിനെതിരെ നാട്ടുകാർ സമരസമിതി രൂപവത്കരിച്ചിട്ടുണ്ട്. പരിസ്ഥിതിദിനത്തിൽ ഇതിെൻറ ങാഗമായി നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.